ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സിനുനേരെ ആക്രമണം. മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കൊച്ചി ഇടപ്പള്ളിയില്‍വച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴും അക്രമികൾ പിന്തുടർന്നെത്തി മർദ്ദിച്ചതായി യൂട്യൂബർ പറയുന്നു.
കഴിഞ്ഞ ദിവസം ഇടപ്പള്ളി ടോളിനടുത്തുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഇദ്ദേഹത്തിനൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. ആ സമയത്ത് കുറച്ച് യുവാക്കൾ അജുവിനെ സമീപിക്കുകയായിരുന്നു. മോഹൻലാലിനെ ഒക്കെ അധിക്ഷേപിച്ച് പോസ്റ്റിടുന്ന ആളല്ലേ എന്നും ഞങ്ങൾ മോഹൻലാലിൻറെ ആരാധകരാണെന്നും പറഞ്ഞുകൊണ്ടായിരുന്നു സംസാരം തുടങ്ങിയത്. പിന്നീടത് തർക്കത്തിലേക്ക് പോയി. സ്ഥലത്തുനിന്നും കുറച്ച് മാറ്റിനിർത്തി അജുവിനെ ഉപദ്രവിച്ചു എന്നാണ് പൊലീസിനോട് പറഞ്ഞത്.
പിന്നീട് അജു കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പോയിരുന്നു. ഈ സംഘം അവിടെയും പിന്തുടർന്ന് എത്തി അവിടെവച്ചും അശ്ലീലം പറയുകയും ചീത്തവിളിക്കുകയുമൊക്കെ ചെയ്തു എന്നും പരാതിയില്‍ പറയുന്നു. അജുവിന്റെ പരാതിയിൽ ഇപ്പോൾ കളമശ്ശേരി പൊലീസ് കേസ് എടുത്തിട്ടുണ്ട്. കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസ് എടുത്തത്.