മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മേപ്പാടി കുന്നമ്പറ്റയിൽ തറക്കല്ലിട്ട് 140 ദിവസങ്ങൾക്ക് ശേഷമാണ് ആദ്യഘട്ട വീടുകളുടെ പണികൾ ആരംഭിച്ചത്. നിർമ്മാണം വൈകുന്നത് രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി ആറിനാണ് മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കായി കോൺഗ്രസ് ഭവന പദ്ധതി പ്രഖ്യാപിച്ചത്. മേപ്പാടി കുന്നമ്പറ്റയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്കാ ഗാന്ധിയും ചേർന്ന് പദ്ധതിക്ക് തറക്കല്ലിട്ടു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണം തുടങ്ങാത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. നീണ്ട കാത്തിരിപ്പിനും രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കുമൊടുവിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജീവൻ വെച്ചത്. പുല്ല് പിടിച്ചു കിടന്നിരുന്ന സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കി. പണികൾക്കാവശ്യമായ കല്ലുകൾ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രഹീകൾ സ്ഥലത്ത് എത്തിച്ചു.
കഴിഞ്ഞ ജനുവരിയിൽ ദുരന്തബാധിതർക്കായി പാർട്ടി വിലകൊടുത്തു വാങ്ങിയ മൂന്നേകാൽ ഏക്കർ ഭൂമിയിലാണ് സ്വപ്നഭവനങ്ങൾ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ 18 വീടുകളുടെ നിർമ്മാണമാണ് നടക്കുക. ഇതിനായി ഭൂമി പ്ലോട്ടുകളായി തിരിച്ചു കഴിഞ്ഞു. ഓരോ കുടുംബത്തിനും എട്ട് സെന്റ് ഭൂമിയിൽ 1,100 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടുകളാണ് നൽകുക. വീടുകൾക്കു പുറമേ മറ്റ് അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കും.