നഗരങ്ങളില്‍ ബൈക്ക് ടാക്സികള്‍ സജീവമാണ്. പക്ഷെ ബൈക്കുള്ളവരെല്ലാം ടാക്സിയായി ഇറങ്ങിയാല്‍ പണി പാളും. കഞ്ഞികുടി മുട്ടിക്കുന്നുവെന്ന് ആരോപിച്ച് ഓട്ടോറിക്ഷക്കാരും രംഗത്തിറങ്ങിയതോടെ നിയമം പാലിച്ച് ബൈക്ക് ടാക്സി നടത്തുന്നവരും പെട്ടു. ആരാണ് യഥാര്‍ഥ ബൈക്ക് ടാക്സി.
കുറഞ്ഞ ചെലവില്‍ ലക്ഷ്യസ്ഥാനത്തെത്താമെന്നതാണ് ടു വീലര്‍ ടാക്സി അഥവാ ബൈക്ക് ടാക്സിയുടെ പ്രത്യേകത. ഈ സേവനവുമായി വന്‍കിട കമ്പനികള്‍ കൂടി രംഗത്ത് വന്നതോടെ നഗരങ്ങളില്‍ സാധാരണമായിരിക്കുകയാണ് ഇവ. പക്ഷെ പെര്‍മിറ്റെടുക്കാതെ സ്വന്തം ബൈക്ക് എടുത്ത് ടാക്സിയായി ഓടിക്കാനിറങ്ങിയാല്‍ ഇറങ്ങുന്നവനും അതില്‍ കയറുന്നവനും പെടും.
നടക്കാവില്‍ നിന്ന് സരോവരം വരെ എത്താന്‍ ഞാന്‍ കൊടുത്തത് 40 രൂപയാണ്. ഇതേ ദൂരം ഓട്ടോ വിളിച്ചാല്‍ കുറഞ്ഞത് 80 രൂപയെങ്കിലും കൊടുക്കേണ്ടിവരും. കുറഞ്ഞ ചെലവ്, സമയലാഭം... സുരക്ഷിതമായി എത്തുകയും ചെയ്തു. പക്ഷെ, എല്ലാ ബൈക്ക് ടാക്സികളും സുരക്ഷിതമാണോ. അല്ലെന്നതാണ് യാഥാര്‍ഥ്യം.
കോഴിക്കോട് നഗരത്തില്‍ മാത്രം 200 ലധികം ബൈക്ക് ടാക്സികളുണ്ടെന്നാണ് കണക്ക് . പക്ഷെ, മോട്ടോര്‍ വാഹനവകുപ്പിന്റ കണക്ക് പ്രകാരം ഇതില്‍ പെര്‍മിറ്റെടുത്തത് വെറും ഏഴുപേര്‍ മാത്രമാണ്. നാല് പേര്‍ പെര്‍മിറ്റിനായി പുതിയതായി അപേക്ഷിച്ചിട്ടുണ്ട്. അനധികൃതമായി സര്‍വീസ് നടത്തിയ മൂന്ന് ബൈക്ക് ടാക്സികള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പുകാര്‍ അടുത്തിടെ കേസെടുത്തിരുന്നു. സ്വന്തം ബൈക്ക് റജിസ്റ്റര്‍ ചെയ്യുകയോ പെര്‍മിറ്റ് എടുക്കുകയോ ചെയ്യാതെ ബൈക്ക് ടാക്സിയായി ഓടിച്ചവരാണ് പിടിക്കപ്പെട്ടവരെല്ലാം. മഞ്ഞ നമ്പര്‍ പ്ലേറ്റാണ് പെര്‍മറ്റുള്ള ടാക്സികളെ തിരിച്ചറിയാനുള്ള എളുപ്പ മാര്‍ഗം. പെര്‍മിറ്റ് ഇല്ലാത്ത ടാക്സികളില്‍ കയറി അപകടമുണ്ടായാല്‍ ഇന്‍ഷ്വറന്‍സ് പോലും കിട്ടില്ലന്നതാണ് യാഥാര്‍ഥ്യം.