Untitled design - 1

TOPICS COVERED

പാലക്കാട് വാണിയംകുളത്ത് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. ൈമസുരൂവില്‍ ചാമരാജ് നഗറിലാണ് ഇവരെ കണ്ടെത്തിയത്. കേരള പൊലീസ് സ്ഥലത്തെത്തി. എട്ടുദിവസം മുന്‍പാണ് കുടുംബത്തെ കാണാതായത്. 

 

ബിസിനസ് ആവശ്യങ്ങൾക്കായി ഇവർ വൻതുക പലിശയ്ക്ക് വാങ്ങിയിരുന്നതായി സൂചനകളുണ്ട്. ഈ സാഹചര്യത്തിൽ സാമ്പത്തിക ബാധ്യതയായിരിക്കാം ഇവര്‍ കുടുംബത്തോടെ നാടുവിടാനുള്ള കാരണമായി കരുതുന്നത്. കുടുംബത്തെ കണ്ടെത്താനായി കർണാടക കേന്ദ്രീകരിച്ച് ഷൊർണൂർ പൊലീസ് തിരച്ചില്‍ ഊർജിതമാക്കിയിരുന്നു.

​​​​​മാതാപിതാക്കളുമായി പിക്കപ്പ് ജീപ്പില്‍‍ കര്‍ണാടക അതിര്‍ത്തി കടന്ന, മകന്‍ വിഷ്ണു, പിന്നീട് ഒറ്റയ്ക്ക് കേരള അതിര്‍ത്തി ഭാഗത്തേക്ക്, വാഹനത്തില്‍ തിരിച്ചെത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് ജീപ്പിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

 

വാണിയംകുളം കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്കര്‍, ഭാര്യ രമാദേവി, മകന്‍ വിഷ്ണു എന്നിവരെ വ്യാഴ്ച രാവിലെ മുതലാണ് വീട്ടില്‍ നിന്ന് കാണാതായത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് ജീപ്പ് മലപ്പുറം വഴിക്കടവിലുള്ള നാടുകാണി ചുരത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവായി. പിക്കപ്പ് ജീപ്പ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ കര്‍ണാടക അതിര്‍ത്തി കടന്നതായി പൊലീസ് കണ്ടെത്തി. എന്നാല്‍ തിരിച്ച് കേരളത്തിലേക്ക് പിക്കപ്പ് എത്തിയപ്പോള്‍ അതില്‍ മകന്‍ വിഷ്ണു മാത്രമാണ് ഉണ്ടായിരുന്നത്

 

വീട്ടില്‍ നിന്ന് ഇവരെ കാണാതായ ദിവസത്തെ, പിക്കപ്പിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കര്‍ണാടക അതിര്‍ത്തി പ്രദേശവും മൈസൂരുവും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍. കുടുംബം വീട് വിട്ട് പോയത് വളരെ ആസൂത്രിതമായിരുന്നു. പാലും പത്രവും നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധുവിന്‍റെ വിവാഹത്തിന് പോകുന്നു എന്ന് അയല്‍കാരോട് പറഞ്ഞാണ് ഇവര്‍ ഇറങ്ങിയത്. ഇത്രയും ആസൂത്രണം നടത്തിയ ശേഷമുള്ള ഒളിച്ചോട്ടം എന്തിനായിരുന്നു എന്ന കാര്യമാണ് ദുരൂഹമായി തുടരുന്നത്.

ENGLISH SUMMARY:

A missing three-member family from Vaniyamkulam, Palakkad, has been located in Chamarajanagar, Mysuru, following an eight-day search by the Kerala Police. The family, consisting of Babu Bhaskar, his wife Ramadevi, and their son Vishnu, reportedly fled their home amidst suspicions of significant financial liabilities. While the family left in a pickup truck, investigators noted that the son later returned to the Kerala border alone before the vehicle was discovered abandoned near the Nadukani pass. Authorities are now investigating the circumstances behind this highly planned departure, which included prior arrangements to stop household services like milk and newspaper deliveries.