konni-hills

TOPICS COVERED

കോന്നി വനമേഖലയില്‍ അധിനിവേശ സസ്യങ്ങള്‍ പെരുകുന്നതായി കണ്ടെത്തല്‍. 61 ഇനം അധിനിവേശ സസ്യങ്ങളാണ് കണ്ടെത്തിയത്. ഇവ നശിപ്പിച്ചില്ലെങ്കില്‍ ജൈവ വൈവിധ്യം ഇല്ലാതാകും എന്നാണ് റിപ്പോര്‍ട്ട്. 

കാണാന്‍ ഭംഗിയുള്ള ഈ ചെടികളൊന്നും പ്രകൃതിയോട് ചെയ്യുന്നത് നല്ലതല്ല. തദ്ദേശീയമായ സസ്യങ്ങളെ ഇല്ലാതാക്കിയാണ് വളരുന്നത്. കാട്ടുപൊന്നാംകണ്ണി, ചുവന്ന കാട്ടുചീര, തോട്ടപ്പയര്‍, കളര്‍ചേമ്പ്, മാങ്ങാനാറി, കുമ്മിണിപ്പച്ച, ധൃതരാഷ്ട്രപ്പച്ച, നായ് തുളസി തുടങ്ങിയ ചെടികളാണ് കോന്നിയുടെ വിവിധ മേഖലകളില്‍ പടര്‍ന്നു പിടിക്കുന്നത്. വീടുകളില്‍ അലങ്കാര സസ്യങ്ങളായി വളര്‍ത്തുന്ന തേന്‍ പൂവള്ളി, മാണിക്യച്ചെമ്പഴുക്ക, ഹെലിക്കോണിയ, വേലിപ്പരത്തി തുടങ്ങിയവയും പുറത്തേക്ക് പടരാനുള്ള സാധ്യതയുണ്ട്. മെക്സിക്കന്‍ സൂര്യകാന്തിയാണ് മറ്റൊരു വെല്ലുവിളി. പേപ്പര്‍ നിര്‍മാണത്തിന് ഉപയോഗിക്കുവ്വ പേപ്പര്‍ മള്‍ബറി എന്ന വിദേശ വൃക്ഷം അച്ചന്‍കോവിലാറിന്‍റെ തീരങ്ങളില്‍ വ്യാപിക്കുന്നുണ്ട്. തദ്ദേശീയമല്ലാത്ത ഇത്തരം സസ്യങ്ങള്‍ അതിവേഗം വ്യാപിക്കുകയും തദ്ദേശീയ സസ്യ ജീവജാലങ്ങള്‍ക്കും ആവാസ വ്യവസ്ഥയ്ക്കും ദോഷമുണ്ടാക്കുകയും ചെയ്യും.

സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറമാണ് സര്‍വേ നടത്തിയത്. 61 ഇനം അധിനിവേശ സസ്യങ്ങളും പ്രാദേശിക മായി അധിനിവേശ സ്വഭാവം കാണിക്കുന്ന 7 ഇനങ്ങളും സര്‍വേയില്‍ കണ്ടെത്തി. ഇവയെ നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും വനംവകുപ്പും ജൈവ വൈവിധ്യ സമിതികളും നേരിട്ട് ഇറങ്ങണമെന്നാണ് നിര്‍ദേശം. അലങ്കാര സസ്യങ്ങള്‍ വീടുകളില്‍ നിന്ന് പ്രകൃതിയിലേക്ക് തള്ളരുതെന്നും നിര്‍ദേശം ഉണ്ട്.

ENGLISH SUMMARY:

Invasive plant species are a growing concern in the Konni forest region, with 61 identified species threatening native biodiversity. These beautiful but harmful plants are displacing local flora, leading to significant ecological imbalance.