എം.ആർ. അജിത് കുമാറിനെതിരായ നടപടികൾ വൈകുന്നതിലുള്ള ആശങ്ക അറിയിക്കാൻ 'രക്ഷാപ്രവർത്തന മര്‍ദനത്തിന്റെ ഇരകളായ എ.ഡി. തോമസ് എംഎൽഎയും അജയ് ജൂവലും മുഖ്യമന്ത്രിയെ കാണും. ആഭ്യന്തരമന്ത്രിയെയും തങ്ങളുടെ ആശങ്ക അറിയിക്കും. എ.ഡി.ജി.പിക്കെതിരെ നടപടി വേഗത്തിലാക്കണമെന്ന് ഇരുവരുടെയും ആവശ്യം.
ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന മര്‍ദനക്കേസ് അട്ടിമറിയില്‍ എ.ഡി.ജി.പി എംആര്‍.അജിത് കുമാറിന്‍റെ പങ്കില്‍ വ്യക്തത തേടി ഡി.ജി.പി. കേസ് ഫയല്‍ തിരുത്തിയതിലെ പങ്ക് വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ എസ്.ഐ.ടിയോട് റാവാഡ ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു. അജിത് കുമാറിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നും സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്‍പ് നടപടിയെടുത്താല്‍ മതിയെന്നുമാണ് ആഭ്യന്തരവകുപ്പിന്‍റെ തീരുമാനം
അജിത് കുമാറിനെതിരായ അന്തിമ റിപ്പോര്‍ട്ടും നടപടിയും വീണ്ടും നീളുകയാണ്. എ.പി. ഷൗക്കത്തിലിയുടെ നേതൃത്വത്തിലെ എസ്.ഐ.ടി നല്‍കിയ റിപ്പോര്‍ട്ട് ഡി.ജി.പി വിശദമായി പരിശോധിച്ചു. രക്ഷാപ്രവര്‍ത്തന മര്‍ദനക്കേസ് ഫയല്‍ തിരുത്തിയത് അജിത്കുമാറാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നില്ല. ഇടപെട്ടത് എ.ഡി.ജി.പിയുടെ ഓഫീസാണെന്നും ഫയലുകള്‍ തിരുത്തിയതില്‍ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാര്‍ക്ക് പങ്കെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനായി നിര്‍ബന്ധിച്ചത് അജിത് കുമാറാണെന്നുള്ള മൊഴികളുമുണ്ട്.
എ.ഡി.ജി.പി നിര്‍ദേശിക്കാതെ ഗ്രേഡ് എസ്.ഐമാര്‍ ഡി. വൈ. എസ്. പി റാങ്കിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തില്ലായെങ്കിലും റിപ്പോര്‍ട്ടില്‍ അജിത്തിനെതിരെ നേരിട്ട് പരാമര്‍ശമില്ല. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുത്താല്‍ അജിത്കുമാര്‍ കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് കൂടുതല്‍ വ്യക്തത തേടാന്‍ ഡി.ജി.പി തീരുമാനിച്ചത്. കേസ് ഫയല്‍ തിരുത്തിയതില്‍ അജിത്കുമാറിന് പങ്കുണ്ടോ ഇല്ലയോയെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് തരാനാണ് എ.പി. ഷൗക്കത്തലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതോടൊപ്പം പഴുതുകളടച്ച് മാത്രം നടപടിയിലേക്ക് കടന്നാല്‍ മതിയെന്നാണ് സര്‍ക്കാരിന്‍റെയും നിലപാട്. 31നാണ് അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ടത്. അതിന് മുന്‍പായി നടപടിയെടുക്കാനാണ് ആഭ്യന്തരവകുപ്പിന്‍റെ ആലോചന.