malappuram-death

TOPICS COVERED

കോഴിമുട്ട എറിഞ്ഞതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ റോഡിൽ തലയിടിച്ചു വീണയാൾ മരിച്ചു. മലപ്പുറം മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ (52) ആണ് മരിച്ചത്. സംഭവത്തിൽ കുന്നത്ത് പറമ്പ് സ്വദേശി ലത്തീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ് ചികിൽസയിലിരിക്കെയാണ് ഫൈസൽ മരിച്ചത്. 

മലപ്പുറം കുന്നത്തുപറമ്പത്താണ് സംഭവമുണ്ടായത്. കഴി‍ഞ്ഞ ദിവസം രാത്രി സൂപ്പർ മാർക്കറ്റിൽ നിന്ന് കോഴിമുട്ട വാങ്ങാനെത്തിയതായിരുന്നു ഫൈസലും ലത്തീഫും. വാങ്ങുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കുതര്‍ക്കത്തിനു പിന്നാലെ ലത്തീഫ് വാഹനമെടുത്ത് പോകുന്നതിനിടെ ഫൈസല്‍ ഇയാളെ മുട്ടകൊണ്ടെറിഞ്ഞു. മുട്ട ദേഹത്തുകൊണ്ടതോടെ പ്രകോപിതനായ ലത്തീഫ് തിരിച്ചുവന്ന് ഫൈസലിനെ മര്‍ദിക്കാന്‍ തുടങ്ങിയതോടെ സംഭവം വലിയ ബഹളത്തിലേക്ക് കലാശിച്ചു.

ഈ തർക്കത്തിനിടെ ഫൈസൽ റോഡിലേക്ക് തലയടിച്ചു വീണു. ഉടന്‍ തന്നെ സമീപത്തു കൂടിയിരുന്ന നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. തിരൂരങ്ങാടി പൊലീസ് ലത്തീഫിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്. 

അര്‍ജന്റീന ആരാധകരും മറ്റ് ടീം ആരാധകരും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഫൈസല്‍ മരിച്ചതെന്ന രീതിയില്‍ സോഷ്യല്‍മീഡിയയിലാകെ കഴിഞ്ഞ ദിവസം വ്യാജ പ്രചാരണം നടന്നിരുന്നു. എന്നാല്‍ സംഭവം നടന്നത് കോഴിമുട്ടയുടെ പേരിലാണെന്നുള്ള വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. 

Man Dies After Egg Fight Escalates in Malappuram:

News reports on a tragic incident where a man died after falling and hitting his head on the road during a dispute over a thrown chicken egg. The victim, Faisal (52), succumbed to his injuries while undergoing treatment, and Lathif, a local resident, has been arrested in connection with the incident.