അപ്രതീക്ഷിതമായുണ്ടായ അപകടത്തെത്തുടർന്ന് മൂന്ന് വർഷമായി എഴുന്നേറ്റു നടക്കാൻ വയ്യാതെ കിടപ്പിലാണ് ഇടുക്കി തൊടുപുഴ ഞറുകുറ്റി സ്വദേശി അനന്തകൃഷ്ണൻ. ചികിത്സാക്കും ചെലവിനും പണമില്ലാതായതോടെ കുടുംബം നേരിടുന്നത് കടുത്ത ദുരിതം. സർക്കാരിന്റെ അതിദരിദ്രരുടെ പട്ടികയിൽ നിന്ന് പോലും പുറത്താക്കപ്പെട്ടതിനാൽ സുമനസുകളുടെ സഹായം തേടുകയാണ് അനന്തകൃഷ്ണൻ. 

മൂന്നുവർഷം മുമ്പ് കാൽവഴുതി വീണതോടെയാണ് അനന്തകൃഷ്ണന്റെ ജീവിതത്തിൽ ദുരിതം തുടങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം എല്ലാം ശരിയായി എഴുന്നേറ്റ് നടക്കാൻ കഴിയുമെന്ന് കരുതിയതാണ്. പക്ഷേ ഇപ്പോഴും ജീവിതം കിടക്കയിൽ തന്നെ.    

സ്വന്തമായി വീടില്ലാത്ത അനന്തകൃഷ്ണനും ഭാര്യ മേഘാദേവിയും തൊടുപുഴയ്ക്ക് സമീപം ഞറുകുറ്റിയിൽ ഒറ്റമുറി വാടകവീട്ടിലാണ് താമസം. ഭർത്താവിനെ നോക്കേണ്ടതിനാൽ മേഘ ദേവിക്ക് ജോലിക്ക് പോകാനും കഴിയാറില്ല. വിദഗ്ധ ചികിത്സയും ശസ്ത്രക്രിയയും ചെയ്താൽ എഴുന്നേറ്റ് നടക്കാൻ കഴിയും പക്ഷേ അതിനുള്ള ഭാരിച്ച ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് ആശങ്കയിലാണ് അനന്തകൃഷ്ണൻ. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സർക്കാർ സഹായവും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല. ജീവിതത്തിലേക്ക് തിരികെ നടക്കാൻ സുമനസുകൾ സഹായിക്കുമെന്നാണ് അനന്തകൃഷ്ണന്റെ പ്രതീക്ഷ. 

ENGLISH SUMMARY:

Ananthakrishnan, a native of Njerkkutti, Thodupuzha, Idukki, has been bedridden for three years due to an unexpected accident. His family is facing severe hardship due to the lack of funds for his treatment and living expenses.