കണ്ണൂർ പയ്യന്നൂരിലെ ഒന്നരവയസുകാരൻ ദേവാൻഷിന് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെട്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പ്രതികളായ മൂന്ന് ഡോക്ടർമാരെയും പൊലീസ് ചോദ്യം ചെയ്യും. 

ദേവാൻഷ് ശൗര്യയെ ബോധം കെടുത്തി ശസ്ത്രക്രിയ നടത്തേണ്ട മുറിവ് ഉണ്ടായിരുന്നില്ല എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിക്ക് അനസ്തേഷ്യ നൽകി 10 മിനിറ്റിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു വന്നതായും റിപ്പോർട്ടിലുണ്ട്. ഓക്സിജന്റെ അളവ് ലഭിക്കാതായതോടെ കുട്ടിയുടെ ആരോഗ്യനില വഷളായെന്നാണ് റിപ്പോർട്ടിലെ പരാമർശം. വിദഗ്ധ പരിശോധനയ്ക്കായി ഒന്നര വയസ്സുകാരന്റെ ആന്തരികാവയവങ്ങൾ കോഴിക്കോട്ടെ ലാബിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആശുപത്രിയിൽ നൽകിയ ചികിത്സാ വിവരങ്ങളും മെഡിക്കൽ സംഘം പരിശോധിച്ച് ആരോഗ്യവകുപ്പിന് റിപ്പോർട്ട് കൈമാറും. അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാൾ, പീഡിയാട്രീഷൻ ഡോക്ടർ ആശ, സർജൻ ഡോക്ടർ ആരതി അന്തർജനം എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ അന്വേഷണസംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

Kannur infant death postmortem report reveals that one-and-a-half-year-old Devaanshi in Payyanur did not require anesthesia, and the report indicates a disruption in oxygen supply to the child's brain during its administration. Three doctors involved in the incident will be questioned by the police.