മലപ്പുറം സ്വദേശിയായ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോഴിക്കോട് പെരുവയലില്‍ ഒളിവിൽ കഴിഞ്ഞിരുന്ന ആട് ഷമീര്‍ അടക്കം നാലംഗ ഗുണ്ടാസംഘം  പിടിയില്‍. ഇവരില്‍ നിന്ന് തോക്കുകള്‍ കണ്ടെടുത്തു. ഫ്ലാറ്റ് വളഞ്ഞ അന്വേഷണസംഘത്തെ പ്രതികള്‍ പടക്കം എറിഞ്ഞ് പരുക്കേല്‍പിച്ചു.  

പെരുവയലിലെ ഒരു ഫ്ലാറ്റില്‍ പ്രതികള്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം എത്തിയത്. തുടര്‍ന്ന് ഫ്ലാറ്റ് വളഞ്ഞു. ഇതിനിടയില്‍ പ്രതികള്‍ പൊലീസിനുനേരെ പടക്കം ഏറിഞ്ഞു.പിന്‍മാറാതെ പൊലീസ് ഉള്ളില്‍ കയറി നാലുപേരെയും കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഷമീർ എന്ന ആടു ഷമീർ,വിഷ്ണു സൽമാൻ,ജിസ്മോൻ,ഡേവിഡ് കാർമൻ അലക്സ് എന്നിവരാണ് പിടിയിലായത്. ഫ്ലാറ്റില്‍ നിന്ന് രക്ഷപെട്ട സാബുവിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളുടെ ആക്രമണത്തില്‍  പി അബ്ദുൽ റഷീദ്, കെ കമല്‍,എസ് നൗഷാദ് ഖാൻ ,എ ഷാൻഫീർ എന്നീ പൊലീസുകാർക്ക് പരുക്കേറ്റു .സാരമായി പരുക്കേറ്റഅബ്ദുൾ റഷീദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി 

ഡിസംബർ 6ന് ചാലിശ്ശേരിയിൽ വച്ചാണ് കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെപ്രവാസി വ്യവസായി മുഹമ്മദലിയെ ഇവര്‍ തട്ടിക്കൊണ്ടുപോയത്.മോചനത്തിനായി 70 കോടി ആവശ്യപ്പെട്ടു. ഒറ്റപ്പാലത്തെ രഹസ്യ താവളത്തിൽ എത്തിച്ച മുഹമ്മദലിഅക്രമിസംഘം മദ്യലഹരിയിൽ മയങ്ങുന്നതിനിടെ രക്ഷപെട്ടു. പൊലീസ് അന്വേഷണത്തില്‍ ഒരാള്‍ പിടിയിലായി. ഇയാളെ ചോദ്യംചെയ്തതപ്പോഴാണ് മുഹമ്മദലിയുടെ സഹോദര പുത്രന്‍ തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് വ്യക്തമായി. ഇയാള്‍ പിന്നീട് അറസ്റ്റിലായി.പൊലീസിനെ ആക്രമിച്ച കേസിൽ പ്രതികള്‍ക്കെതിരെ മാവൂർ പൊലീസും കേസെടുത്തിട്ടുണ്ട്.പാലക്കാട് അഡീഷണല്‍ എസ് പി  ഷിനോജിന്റെ നേതൃത്വത്തിൽ സിഐ രവിയാണ് കേസ് അന്വേഷിക്കുന്നത്. 

Aadu Shameer and his four-member gang have been apprehended in Kozhikode Peruvayal for kidnapping a Malappuram-based NRI businessman and demanding a ransom of ₹70 crore. :