തുരങ്കപാത പദ്ധതിയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍. പദ്ധതികള്‍ ആലോചിക്കുമ്പോള്‍ പ്രക‍ൃതിയുടെ ഭദ്രതയ്ക്കാണ് ഒന്നാം സ്ഥാനം നല്‍കേണ്ടതെന്ന് വി.എസിന്റെ മുന്‍ പ്രസ്താവന ഓര്‍മിപ്പിച്ച് അരുണ്‍ കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. വികസന മാതൃകകള്‍ താല്‍ക്കാലിക ലാഭത്തിനാകരുത്. ഇത്തരം പദ്ധതികള്‍ക്കെതിരെ വി.എസ് എന്നും നിലകൊണ്ടു. അപ്പോള്‍ വികസനവിരുദ്ധനായി അദ്ദേഹത്തെ ചിത്രീകരിച്ചെന്നും അരുണ്‍കുമാര്‍ പറഞ്ഞു. ഞാനന്നേ പറഞ്ഞില്ലേ എന്ന വി.എസിന്റെ പ്രസ്താവനയും അരുണ്‍ പങ്കുവച്ചു.

വയനാട് തുരങ്കപാതയിൽ ഉണ്ടായ ദാരുണമായ അപകടം അതീവ വേദനയോടെയാണ് നാം കേട്ടത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. 

വൻകിട വികസന പദ്ധതികളുടെ തിളക്കങ്ങൾക്കിടയിൽ, പശ്ചിമഘട്ടം പോലുള്ള അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നാം പുലർത്തേണ്ട ശാസ്ത്രീയ ജാഗ്രത എത്രത്തോളം പ്രധാനമാണെന്ന് ഈ ദുരന്തം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുകയാണെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. 

വർഷങ്ങൾക്ക് മുൻപ് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും കസ്തൂരിരംഗൻ പഠന റിപ്പോർട്ടും ചർച്ചയാവുകയും വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. അന്ന് ആ ശാസ്ത്രീയ നിർദ്ദേശങ്ങളെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം സധൈര്യം പിന്തുണയ്ക്കാനും, പ്രകൃതിയുടെ സ്വാഭാവിക ഘടനയെ തകിടം മറിച്ചുകൊണ്ടുള്ള ഇടപെടലുകൾ ഭാവിയിൽ വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ് നൽകാനും വി.എസ്. കാണിച്ച ആർജ്ജവം ഇന്ന് നാം തിരിഞ്ഞുനോക്കേണ്ട ഒന്നാണ്. മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും അദ്ദേഹം എടുത്ത ഉറച്ച നിലപാടുകൾ പലപ്പോഴും വികസന വിരുദ്ധതയായി ചിത്രീകരിക്കപ്പെട്ടിരുന്നു. എന്നാൽ, പിൽക്കാലത്ത് കേരളം വലിയ പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിച്ചപ്പോഴെല്ലാം, "ഞാൻ അക്കാലത്ത് മുന്നറിയിപ്പ് നൽകിയതല്ലേ" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേവലം പ്രസ്താവനകളായിരുന്നില്ല, മറിച്ച് ശാസ്ത്രത്തെ അവഗണിച്ചതിന് ഒരു നാട് നൽകേണ്ടിവന്ന വിലയെക്കുറിച്ചുള്ള കൃത്യമായ ഓർമ്മപ്പെടുത്തലുകളായിരുന്നു.

ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെയും പാരിസ്ഥിതിക ആഘാതങ്ങളെയും പൂർണ്ണമായി വിലയിരുത്താതെ മുന്നോട്ടുപോകുന്ന വികസന മാതൃകകൾ താൽക്കാലിക ലാഭമുണ്ടാക്കിയേക്കാം, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ അവ വരുത്തിവെക്കുന്ന നഷ്ടങ്ങൾ നികത്താനാവാത്തതാണ്. ഇനിയെങ്കിലും വൻകിട തുരങ്കപാതകളും നിർമ്മാണങ്ങളും നടത്തുമ്പോൾ വിദഗ്ദ്ധ സമിതികളുടെ ശാസ്ത്രീയ പഠനങ്ങൾക്കും പ്രകൃതിയുടെ ഭദ്രതയ്ക്കുമായിരിക്കണം ഭരണകൂടങ്ങൾ ഒന്നാം സ്ഥാനം നൽകേണ്ടത്. മനുഷ്യന്റെ ജീവനും പരിസ്ഥിതിക്കും മുൻഗണന നൽകുന്ന ഒരു സുസ്ഥിര വികസന നയം മാത്രമാണ് ഇത്തരം ദുരന്തമുഖങ്ങളിൽ നമുക്ക് മുന്നിലുള്ള ഏക വഴി, അരുണ്‍ കുമാര്‍ കുറിച്ചു. 

ENGLISH SUMMARY:

The Wayanad tunnel project is facing criticism from V.A. Arun Kumar, son of former Kerala Chief Minister V.S. Achuthanandan. He highlights the importance of environmental safety and scientific assessments in development projects, referencing his father's past warnings.