കൊല്ലം പി.എസ്.സി ഓഫിസിന്‍റെ മുന്‍വശം. രാവിലെ പതിനൊന്നര കഴിഞ്ഞപ്പോള്‍ യുവമോര്‍ച്ചയുടെ പ്രതിഷേധ പ്രകടനം എത്തി. ഓഫിസിന് മുന്നില്‍ പൊലീസ് ബന്തവസുണ്ട്. ബാരിക്കേഡുകള്‍ തള്ളിമാറ്റി ഉള്ളില്‍ക്കയറാന്‍ പ്രവര്‍ത്തകരുടെ ശ്രമം. കോട്ടകെട്ടിയ പോലെ പൊലീസ് മുന്നില്‍. ചെറിയ വാക്കേറ്റവും ഉന്തും തള്ളുമൊക്കെ കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ അയഞ്ഞു. അടുത്തത് ഉദ്ഘാടനമാണ്.
യുവമോര്‍ച്ച വെസ്റ്റ് ജില്ലാ പ്രസിഡന്‍റ് എസ്.പ്രശാന്ത് ആണ് ഉദ്ഘാടകന്‍. അദ്ദേഹത്തിന്‍റെ കാര്‍ പി.എസ്.സി ഓഫിസിന് മുന്നിലെത്തി. ഉദ്ഘാടകന്‍ ഇറങ്ങുന്നതിന് മുന്‍പ് കാറിന്‍റെ ഡിക്കി തുറന്നു. അതില്‍ നിന്ന് ഒന്നുരണ്ട് പെട്ടികള്‍ എടുത്ത് സമരസ്ഥലത്ത് കൊണ്ടുവച്ചു. പ്രസംഗിക്കാനുള്ള മൈക്കും സ്പീക്കറുമാണ്. ചെറിയ സ്വാഗതപ്രസംഗത്തിന് പിന്നാലെ ഉദ്ഘാടകനും പ്രസംഗിച്ചു. സ്വന്തം മൈക്കും സ്പീക്കറും ആയതുകൊണ്ടാവാം കിടിലന്‍ ശബ്ദം! ഉദ്ഘാടനം കഴിഞ്ഞയുടന്‍ മൈക്കും സ്പീക്കറും പെട്ടിയിലാക്കി തിരികെ വണ്ടിയില്‍ കയറ്റി. പിന്നാലെ പ്രസിഡന്‍റും.
അടുത്ത വേദിയിലേക്കാണ് നേതാവിന്‍റെ പ്രയാണം. പ്രശാന്തിനെ ഉദ്ഘാടനത്തിന് വിളിച്ചാല്‍ രണ്ടുണ്ട് കാര്യം. ഒന്ന് മൈക്ക് സെറ്റിനുള്ള പണം ലാഭം. രണ്ട് മൈക്ക് പിണങ്ങിയതിന്‍റെ പേരില്‍ ഓപ്പറേറ്ററെ ചീത്ത പറയുന്ന പ്രശ്നമില്ല. എതിരാളികള്‍ കളിയാക്കുന്നതിലൊന്നും നേതാവിനും അണികള്‍ക്കും കൂസലില്ല. ഇതാണ് പ്രഫഷണലിസം എന്നാണ് ബിജെപിക്കാരുടെ നിലപാട്.