കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ വൻപ്രതിഷേധം തുടരുമ്പോഴും ഇന്നും ധാരണ പാലിക്കാതെ കമ്പനി. രാവിലെ ജീവനക്കാർ എത്തിയെങ്കിലും ഓഫീസ് തുറന്ന് കൊടുക്കാൻ കമ്പനി അധികൃതർ തയ്യാറായില്ല. വെള്ളിയാഴ്ച നടക്കുന്ന ചർച്ചയിൽ കമ്പനി അധികൃതർ എത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. 

കഴിഞ്ഞദിവസം ലേബർ ഓഫിസറും എംഎൽഎ ഉമ തോമസുമായി നടത്തിയ ചർച്ചയിലുണ്ടായ ധാരണ പ്രകാരമാണ് ഇന്നും ജീവനക്കാർ ഓഫീസിൽ എത്തിയത്. എന്നാൽ ഓഫീസ് തുറന്നു കൊടുത്തിട്ടില്ല. മന്ത്രിതല ചർച്ച നടക്കുന്ന പത്താം തിയതിവരെ ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കാനായിരുന്നു നേരത്തെ ധാരണയായത്.

കമ്പനിയുടേത് നിഷേധാത്മക നിലപാട് ആണെന്നും പത്താം തീയതിയിലെ ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമോ എന്നതിന് ഉറപ്പില്ല എന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ജീവനക്കാരെ ഓഫിസിലേക്ക് പ്രവേശിപ്പിക്കാത്തത്തിൽ പ്രതിഷേധിച്ച് എഐവൈഎഫ് കമ്പനിയിലേക്ക് മാർച്ച്‌ നടത്തി.

10ന് നടക്കുന്ന മന്ത്രിതല ചർച്ചയിലാണ് ജീവനക്കാരുടെ ഇനിയുള്ള പ്രതീക്ഷ. പരിഹാരമായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും തീരുമാനം .