വയനാട് കള്ളാടി തുരങ്കപാതയുടെ നിർമാണമേഖലയില്‍ വന്‍ മണ്ണിടിച്ചില്‍. 10 പേര്‍ മണ്ണിനടിയില്‍ കുടങ്ങിക്കിടക്കുകയാണ്. 9 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നിലഗുരുതരമാണ്. മേപ്പാടി എസ്ഐ സന്തോഷ് കുമാറിനും പരുക്കേറ്റു. മീനാക്ഷിപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്. മണ്ണ് കുത്തിയൊഴുകിയെത്തിയതോടെ നിരവധി വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. മണ്ണിടിഞ്ഞുവീണ് ബസ് തകരുന്ന ദൃശ്യം പുറത്തുവന്നു. തൊഴിലാളികളെ കൊണ്ടുവന്ന ബസാണ് തകര്‍ന്നത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.
കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്. പൊലീസും അഗ്നിരക്ഷാസേനയും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ശക്തമായ മഴ പെയ്തതാണ് മണ്ണിടിച്ചിലിന് കാരണമായത്. കൂടുതൽ ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് എത്തിച്ചേരും. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചിൽ പുരോഗമിക്കുകയാണ്.
കള്ളാടിയിലെ സ്ഥിതി വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി . എന്‍ഡിആര്‍എഫ് സംഘമെത്തുന്നതോടെ തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാകും. മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനില്‍കുമാറും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
നിര്‍മാണസ്ഥലത്ത് മണ്ണ് കൂട്ടിയിടരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി മന്ത്രിമാര്‍. കരാറുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വീഴ്ച ഗൗരവത്തോടെ കാണും. കഴിഞ്ഞയാഴ്ചയും നിര്‍ദേശംനല്‍കിയിരുന്നതാണെന്ന് മന്ത്രി P.K.ബഷീര്‍ പറഞ്ഞു.
അതേസമയം, കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ മീനാക്ഷിപ്പാലത്തിന് സമീപം തൊഴിലാളികൾ നിന്നിരുന്ന താൽക്കാലിക ബസ് സ്റ്റോപ്പ് അടക്കം മണ്ണുമൂടിയ നിലയിലാണ്. പ്രദേശത്തെ ഒരു പാലം ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പാലത്തിന് താഴെയുള്ള വീടുകളിൽ താമസിക്കുന്നവരെയും സമീപത്തെ കോളനിയിലുള്ളവരെയും താജുദ്ദീൻ മസ്ജിദിന് സമീപമുള്ളവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് ഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ട്.