കടുത്ത ആശങ്കയിലൂടെയാണ് വയനാട് കള്ളാടി മേഖല കടന്നുപോകുന്നത്. കനത്ത മഴയെ തുടർന്നാണ് വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിലുണ്ടായത്. പൈലിങ് ജോലികൾ നടക്കുന്നതിനിടെയാണ് മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. ഈ അപകടം സ്വാഭാവികമായി ഉണ്ടായതല്ല, മനുഷ്യനിര്‍മിതമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മേപ്പാടി ചൂരല്‍മല റോഡില്‍ ആണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തുരങ്കപാത വയനാട്ടില്‍ വന്നു ചേരുന്ന സ്ഥലത്താണ് ഇപ്പോള്‍ അപകടമുണ്ടായത്.
35ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ ഉള്‍പ്പെടെ പറയുന്നത്, ചെറിയ പെട്ടിക്കടകളും ബസ് സ്റ്റോപ്പും ഉണ്ട്, ആളുകള്‍ നില്‍ക്കുന്ന മേഖലയാണിതെല്ലാം. പരുക്കേറ്റ 9 പേരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പെട്ടെന്ന് മണ്ണ് പൊട്ടിവീഴുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു, തൊഴിലാളികളുടെ ബസ്, ജെസിബി ഉള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടുകാണുമെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
അഗ്നിരക്ഷാസേനയും എന്‍ഡിആര്‍എഫും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനായി മുന്നില്‍ നില്‍ക്കുന്നത്. തങ്ങളൊടൊപ്പമുള്ള പലരേയും കാണാനില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. മണ്ണിടിച്ചിലിനു തൊട്ടുമുന്‍പാണ് ഒരു കെഎസ്ആര്‍ടിസി ബസ് ഈ വഴി കടന്നുപോയത്. പത്തുപേരെങ്കിലും കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്ന് വയനാട് എസ്പി പറയുന്നു.
നിർമാണസ്ഥലത്തുണ്ടായിരുന്ന ഒരു തൊഴിലാളി ചെളിയിൽ പൂണ്ടുപോയെങ്കിലും കൂടെയുണ്ടായിരുന്നവർ ചേർന്ന് ഇയാളെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്ത് ശക്തമായ മഴ പെയ്തതാണ് മണ്ണിടിച്ചിലിന് കാരണമായത്. കൂടുതൽ ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് എത്തുമെന്നും അടിയന്തിര രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രദേശത്തെ ജനപ്രതിനിധി വ്യക്തമാക്കി. നാട്ടുകാരുടെ നേതൃത്വത്തിലും തിരച്ചിൽ പുരോഗമിക്കുകയാണ്.
കള്ളാടിയിലെ സ്ഥിതി വിലയിരുത്തി മുഖ്യമന്ത്രി വി.ഡി.സതീശന്‍. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ സംഘം സ്ഥലത്തേക്ക് തിരിച്ചു. മന്ത്രിമാരായ ടി.സിദ്ദിഖും എ.പി.അനില്‍കുമാറും വയനാട്ടിലേക്ക് തിരിച്ചു.