ഭാരതത്തിന്റെ മൂന്നാമത്തെ സെമികണ്ടക്ടർ പ്ലാന്റ് കൂടി യാഥാർത്ഥ്യമായതോടെ, സെമികണ്ടക്ടർ മേഖല ഇനി വലിയ റിസ്ക്കുള്ള ബിസിനസല്ലെന്ന കാര്യം വ്യക്തമാവുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിൽ നിക്ഷേപം നടത്താൻ ആഗോള കമ്പനികൾ മടിച്ചിരുന്ന ഒരു കാലം ഓർമ്മയുണ്ട്. അന്ന് അത് ആരും പരീക്ഷിച്ചു നോക്കാത്ത ഒരു പുതുമേഖലയായിരുന്നു. എന്നാൽ ഇന്ന് , ഇന്ത്യയിൽ നിക്ഷേപിക്കാൻ വൻകിട കമ്പനികൾ മത്സരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഈ മാറ്റം യാദൃശ്ചികമായി ഉണ്ടായതല്ല. പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണവും ശക്തമായ നേതൃത്വവുമാണ് അതിന് കാരണം.
അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് കരുത്തേകുന്ന നയങ്ങൾ നിക്ഷേപകർക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല.
ഇതൊരു നവഭാരതമാണ് - ഈ രംഗത്ത് കാര്യമായ സാന്നിധ്യമില്ലാതിരുന്ന ഒരിടത്തുനിന്ന്, ഇന്ന് ആഗോളതലത്തിൽ ഏറ്റവും വിശ്വസനീയമായ സെമികണ്ടക്ടർ കേന്ദ്രമായി ഭാരതം മാറിയിരിക്കുന്നു.
ഈ ദീർഘവീക്ഷണം യാഥാർത്ഥ്യമാകുന്നത് കാണുമ്പോൾ വലിയ ചാരിതാർത്ഥ്യമുണ്ട്. അന്ന് പാകിയ അടിത്തറയാണ് ഇന്ന് ഇന്ത്യയുടെ വികസനത്തിന്റെ അടുത്ത ഘട്ടത്തിന് കരുത്തേകുന്നത്. ഇതിന്റെ ഗുണങ്ങൾ വെറുമൊരു സെമികണ്ടക്ടർ പ്ലാന്റുകളിൽ മാത്രം ഒതുങ്ങുന്നതല്ല.
ഓരോ നിക്ഷേപവും ഒരു സമ്പൂർണ്ണ വ്യവസായ ലോകത്തെയാണ് വളർത്തിയെടുക്കുന്നത്.
ഇലക്ട്രോണിക്സ് നിർമ്മാണ മേഖലക്ക് വലിയ കരുത്ത് പകരുന്നു, ലോകത്തെ വിശ്വസനീയമായ വിതരണ ശൃംഖലയുടെ ഭാഗമായി ഇന്ത്യ മാറുന്നു, പുതിയ ഗവേഷണങ്ങൾക്കും നൂതന ആശയങ്ങൾക്കും വഴിയൊരുങ്ങുന്നു, ആയിരക്കണക്കിന് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
ഇങ്ങനെയാണ് 'പുതിയ ഇന്ത്യ' ഒരു 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം കുറിച്ചു.