police-transfer

പൊലീസില്‍ സ്ഥലംമാറ്റം അനിശ്ചിതമായി നീളുന്നതോടെ സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തില്‍ മെല്ലപ്പോക്ക്. ഡിവൈ.എസ്.പിമാരുടെയും സി.ഐമാരുടെയും സ്ഥലംമാറ്റമാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒന്നരമാസം കഴിഞ്ഞിട്ടും നടക്കാത്തത്. ഇതിനിടെ സി.ഐമാരുടെ സ്ഥലംമാറ്റം, എസ്.എച്ച്.ഒ സംവിധാനം മാറ്റുന്നതില്‍ തീരുമാനമായ ശേഷമാക്കാനും ആലോചനയുണ്ട്. അങ്ങനെയെങ്കില്‍ സ്ഥലംമാറ്റം ഓഗസ്റ്റ് വരെയെങ്കിലും നീണ്ടേക്കും.

ആഭ്യന്തരമന്ത്രിയും ഡി.ജി.പിയുമൊക്കെ ആഘോഷപൂര്‍വം ഓപ്പറേഷന്‍ തൂഫാന്‍ സജീവമാക്കുമ്പോള്‍ പല പൊലീസ് സ്റ്റേഷനുകളിലും സങ്കടവും നിരാശയും മടുപ്പുമാണ് നിറയുന്നത്. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഫെബ്രൂവരി ആദ്യം സ്വന്തം നാട്ടില്‍ നിന്ന്  പല ജില്ലകളിലേക്ക് മാറ്റപ്പെട്ടവരാണ് കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലുമുള്ള ഡി.വൈ.എസ്.പിയും സി.ഐയും എസ്.ഐയും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അവരെ പഴയ ജില്ലകളിലേക്ക് തിരികെ മാറ്റാറുണ്ട്. ഭരണമാറ്റമുണ്ടായാല്‍ രാഷ്ട്രീയമായി എതിര്‍ ചേരിയിലുള്ളവര്‍ക്ക് പണി കൊടുക്കാനായി ദൂരസ്ഥലങ്ങളിലേക്ക് ഓടിക്കുന്നതും പതിവാണ്. പക്ഷെ സ്ഥലംമാറ്റം ഇന്ന് വരും നാളെ വരുമെന്ന് പറയുന്നതല്ലാതെ ഇത്തവണ ഇത് രണ്ടും നടന്നില്ല. ഇതോടെ സ്ഥലംമാറ്റം എവിടേക്കാണെന്ന് അറിയാത്തതിനാല്‍  സ്കൂള്‍ തുറന്നിട്ടും കുട്ടികളെ ഏത് ജില്ലയിലെ സ്കൂളില്‍   ചേര്‍ക്കണമെന്ന് പോലും അറിയാത്ത അവസ്ഥ. 

 

വീട്ടുകാരുമായി അകന്ന് കഴിയുന്നതിന്‍റെ അസ്വസ്ഥത വേറെ. ഉടന്‍ സ്ഥലംമറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനാല്‍ കേസുകള്‍ പോലും കൃത്യമായി റജിസ്റ്റര്‍ ചെയ്യാന്‍ പലരും മടിക്കുകയാണ്. കേസെടുത്താല്‍ അതിന്‍റെ കോടതി നടപടികള്‍ക്കൊക്കെയായി വീണ്ടും ആ സ്ഥലത്ത്  വരേണ്ടിവരുമെന്നതാണ് കേസ് ഒഴിവാക്കാന്‍ കാരണം. ആഭ്യന്തരവകുപ്പിന്‍റെ സമ്മര്‍ദമുള്ളതിനാല്‍ തൂഫാന്‍ മാത്രമാണ് അല്‍പമെങ്കിലും നടക്കുന്നത്. അതും പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അപ്പുറം കോടതി നടപടികളിലേക്ക് നീണ്ടേക്കാവുന്ന സിന്തറ്റിക് ലഹരി പിടികൂടാന്‍ ചിലരെങ്കിലും മടിക്കുന്നുമുണ്ട്. ഇത്തരത്തില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം മൊത്തത്തില്‍ താളംതെറ്റിയ അവസ്ഥ. എന്നിട്ടും  സ്ഥലംമാറ്റ ഉത്തരവിറക്കി പ്രശ്നം പരിഹരിക്കാന്‍ ശ്രമമില്ല.  ഇതിനിടെ സ്റ്റേഷന്‍ ചുമതല സി.ഐയ്ക്ക് നല്‍കിയ എസ്.എച്ച്.ഒ സംവിധാനം

പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എസ്.ഐ, സി.ഐ സ്ഥലംമാറ്റം അതിനൊപ്പമാക്കിയാലോ എന്ന് ആലോചനയുണ്ട്. അങ്ങിനെയെങ്കില്‍ ഡിവൈ.എസ്.പിമാരുടെ മാറ്റം ഉടന്‍ നടന്നാലും എസ്.ഐമാരും സി.ഐമാരും മാറ്റത്തിനായി ഓഗസ്റ്റ് വരെയെങ്കിലും കാത്തിരിക്കേണ്ടിയും വന്നേക്കാം.

ENGLISH SUMMARY:

The delay in police transfers following the government change has created significant administrative stagnation and personnel distress across Kerala's police stations. Although over a month has passed since the new government took office, the expected reassignment of DySPs and Circle Inspectors remains stalled, leaving officers and their families in limbo. Many officers, who were relocated during the February elections, are struggling to plan their children’s schooling or manage personal lives while awaiting transfers back to their home districts. This uncertainty has directly impacted station efficiency, with some officers reportedly hesitant to register new cases to avoid the burden of future court appearances in their current postings. Furthermore, while the government pushes "Operation Toofan," operational morale is low, and officers are increasingly cautious about pursuing complex synthetic drug cases that require intensive follow-up. Proposals to restructure the Station House Officer (SHO) system, which may delay CI and SI transfers until August, threaten to prolong this period of instability. Without immediate executive intervention, the overall functioning of the state’s law enforcement remains significantly compromised.