വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വൻതോതിൽ വിദേശനിക്ഷേപം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിനും നടത്തിപ്പിനുമായി രൂപീകരിച്ച 'അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്' (AVPPL) കമ്പനിയുടെ 49 ശതമാനം ഓഹരികൾ പ്രമുഖ ആഗോള കപ്പൽചാൽ കമ്പനിയായ MSC-യുടെ (Mediterranean Shipping Company) ഭാഗമായ TIL-ന് (Terminal Investment Limited) കൈമാറാനാണ് അനുമതി തേടിയിരിക്കുന്നത്. ഇതിലൂടെ 13,000 കോടി രൂപയുടെ വിദേശനിക്ഷേപമാണ് വിഴിഞ്ഞത്തേക്ക് എത്തുക.
വിഴിഞ്ഞത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അദാനി ഗ്രൂപ്പ് അപേക്ഷ സമർപ്പിച്ചത്. വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് ആദ്യം സെബിയെയാണ് (SEBI) അറിയിക്കേണ്ടതെന്നും അവിടെ നിന്നുള്ള തത്വത്തിലുള്ള അനുമതി ലഭിച്ച സാഹചര്യത്തിലാണ് അടുത്ത ഘട്ടമെന്ന നിലയിൽ ബുധാനാഴ്ച വൈകിട്ടോടെ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
വിഴിഞ്ഞം പോർട്ട് പ്രവർത്തനക്ഷമമായി ഒരു വർഷത്തിന് ശേഷം കമ്പനിയുടെ 74 ശതമാനം വരെ ഓഹരികൾ കൈമാറാൻ നിലവിലെ കരാർ പ്രകാരം അദാനിക്ക് വ്യവസ്ഥയുണ്ട്. എന്നാൽ ഇപ്പോൾ 49 ശതമാനം ഓഹരികൾ മാത്രമാണ് എം.എസ്.സി ഗ്രൂപ്പിന് കൈമാറാൻ അനുമതി ചോദിച്ചിരിക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ അപേക്ഷ ലഭിച്ചതോടെ ഇനി വിപുലമായ നിയമ-സാങ്കേതിക പരിശോധനകളിലേക്ക് സർക്കാർ കടക്കും. ധനകാര്യം, നിയമവകുപ്പ് (Law Department) ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ അപേക്ഷയിലെ വ്യവസ്ഥകൾ വിശദമായി പരിശോധിച്ച് അനുമതി നൽകും.
സംസ്ഥാന സർക്കാർ അനുമതി നൽകിയ ശേഷം ഈ അപേക്ഷ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്ക് അയക്കും. തന്ത്രപ്രധാനമായ മേഖലയായതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Home Ministry), പ്രതിരോധ മന്ത്രാലയം (Defense Ministry), ഷിപ്പിംഗ് മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നിവയുടെ കർശനമായ സുരക്ഷാ ക്ലിയറൻസും അനുമതിയും ലഭിച്ചാൽ മാത്രമേ അദാനിക്ക് ഈ 13,000 കോടിയുടെ വിദേശനിക്ഷേപം യാഥാർത്ഥ്യമാക്കാൻ സാധിക്കൂ.