തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതി മരിച്ചത് അമിത രക്തസ്രാവവും ഹൃദയവാല്‍വിലുള്ള തകരാറും മൂലമെന്ന് റിപ്പോര്‍ട്ട്. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി ( 30 ) ആണ് മരിച്ചത്. ജൂണ്‍ 27ന് ഉച്ച കഴിഞ്ഞ് രണ്ടരയ്ക്കാണ് യുവതി മുറിയെടുത്തിരുന്നത്. യുവതിയെ ലോഡ്ജില്‍ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവര്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നു.
യുവതിയുടെ മരണകാരണം അമിത രക്തസ്രാവമാണെന്നും ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിക്ക് രക്തസമ്മര്‍ദ്ദം കൂടിയ നിലയിലായിരുന്നുവെന്നും സൂചനകളുണ്ട്. ജനിച്ച ശേഷം ശരിയായ പരിചരണം ലഭിയ്ക്കാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുവതി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ഓട്ടോഡ്രൈവറും ലോഡ്ജിലെ ജീവനക്കാരും പൊലീസിനു മൊഴി നല്‍കിയിരുന്നത്. ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് മുറി തുറന്നത്. ലോഡ്ജില്‍ സ്ഥിരമായി ആളുകളെ കൊണ്ടുവിട്ടിരുന്ന ആളാണ് ഓട്ടോ ഡ്രൈവറെന്നും ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു.
യുവതിയെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെയാണ് ഓട്ടോ ഡ്രൈവര്‍ ലോഡ്ജിലെത്തിയത്. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. മുട്ടിയിട്ടും തുറക്കാതായതോടെ ലോഡ്ജ് ജീവനക്കാരേയും പൊലീസിനേയും ഫയര്‍ഫോഴ്സിനേയും അറിയിച്ചു. തുടര്‍ന്ന് ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. യുവതി മുന്‍പ് ഈ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പീഡനപരാതി നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കസ്റ്റഡിയിലെടുത്ത ഓട്ടോഡ്രൈവറെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.