crocodile-attack

Image Credit : Instagram

അമേരിക്കയില്‍ മുതലയുടെ ആക്രമണത്തിൽ മുപ്പത്തിയൊന്നുകാരിയായ യുവതിക്ക് ദാരുണാന്ത്യം. കാമുകനും സുഹൃത്തിനുമൊപ്പം നീന്താനായി നദിയില്‍ ഇറങ്ങിയപ്പോഴാണ് മുതല ആക്രമിച്ചത്. യുവതിയെ കൈകള്‍ മുതല കടിച്ചെടുത്തു. നദിയില്‍ നിന്ന് യുവതിയെ രക്ഷിച്ചെങ്കിലും അടിയന്തര ചികില്‍സ ലഭിക്കാന്‍ വൈകിയത് രക്തം വാര്‍ന്ന് മരിക്കാന്‍ കാരണമായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്ലോറിഡയിലെ ലിറ്റിൽ ബിഗ് ഇക്കോ സ്റ്റേറ്റ് ഫോറസ്റ്റിലാണ് ദാരുണസംഭവം നടന്നത്.

കഴിഞ്ഞ ദിവസമാണ് 31കാരി ബ്രിട്ടനി ക്ലാര്‍ക്കും കാമുകനും സുഹൃത്തും ഉഷ്ണതരംഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ എക്കോൺലോക്കാച്ചി നദിയില്‍ എത്തിയത്. വെറും മൂന്ന് അടി മാത്രം താഴ്ചയുള്ള ഭാഗത്തായിരുന്നു ഇവര്‍ ഇറങ്ങിയത്. പൊടുന്നനെ ഇവരെ നദിയിലുണ്ടായിരുന്ന മുതല ആക്രമിച്ചു. കാമുകനും ഉറ്റസുഹൃത്തും കരയിലേക്ക് കയറിയെങ്കിലും  ബ്രിട്ടനി മുതലയുടെ വായില്‍ അകപ്പെടുകയായിരുന്നു. ബ്രിട്ടനിയുടെ കൈകള്‍ കടിച്ചെടുത്ത മുതല അതിവേഗം വെളളത്തിനടിയില്‍ മറഞ്ഞു.

ഇതിനിടയില്‍ കാമുകനും സുഹൃത്തും ചേര്‍ന്ന് ബ്രിട്ടനിയെ കരയിലേക്ക് കയറ്റിയെങ്കിലും ഒരു കൈ പൂര്‍ണമായും മുതല വിഴുങ്ങിയിരുന്നു. മറ്റേ കൈ അറ്റുതൂങ്ങിയ നിലയിലും. രക്തം വാര്‍ന്ന് നിന്ന് ബ്രിട്ടനിയെ വേഗം ആശുപത്രിയിലെത്തിക്കാന്‍ 911 ഇരുവരും വിളിച്ചെങ്കിലും സഹായമെത്താന്‍ വൈകിയത് ബ്രിട്ടനിയുെട ജീവന്‍ അപകടത്തിലാക്കി. അമിതരക്തസ്രാവം മൂലം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ബ്രിട്ടനി മരണത്തിന് കീഴടങ്ങിയിരുന്നു. 

ഓർലാൻഡോ സ്വദേശിയായ ബുൾഡോസർ ഓപ്പറേറ്ററാണ് ബ്രിട്ടനി ക്ലാർക്ക്. നീന്താന്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന ബ്രിട്ടനിക്ക് ഇത്തരമൊരു അപകടം സംഭവിച്ചതിന്‍റെ ഞെട്ടലിലാണ് കാമുകനും സുഹൃത്തും. അതേസമയം ബ്രിട്ടനിയുടെ മരണത്തിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ നദിയില്‍ നിന്ന് അധികൃതര്‍ 2 വലിയ മുതലകളെ പിടികൂടി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ മാരകമായ മൂന്നാമത്തെ മുതല ആക്രമണമാണ് ഇത്. 

 

ENGLISH SUMMARY:

A 31-year-old woman was tragically killed by an alligator in Florida after entering a river with her boyfriend and friend for relief from a heatwave. Despite being rescued from the water, excessive bleeding due to severe injuries from the alligator attack led to her death before medical help could arrive.