പെരുമ്പാവൂര്‍ മാറമ്പള്ളിയില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ കൊച്ചി വിമാനത്താവളത്തിനുള്ളില്‍ നിന്ന് പ്രതികള്‍ക്ക് 3 തവണ സഹായം ലഭിച്ചതായി പൊലീസ്. അറസ്റ്റിലായ കാരിയര്‍മാരെ കസ്റ്റഡിയില്‍ വാങ്ങി ‌ചോദ്യം ചെയ്യുന്നതോടെ അന്വേഷണം വിമാനതാവളത്തിനുള്ളിലേക്ക്  വ്യാപിക്കും. ബാങ്ക്  രേഖകള്‍  ശേഖരിച്ച് പിടിയിലായവര്‍ക്കൊപ്പം  കഞ്ചാവ് വില്‍പന നടത്തിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്.

തായ്‌ലന്‍ഡിലെ ബാങ്കോക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചൈനീസ് ലഹരി മാഫിയയുടെ കേരളത്തിലെ പ്രധാന വിതരണക്കാരായ ആയുഷ്, ഭാര്യ അനിക എന്നിവരില്‍  നിന്നാണ് പൊലീസ്  രാജ്യാന്തര ലഹരി സംഘത്തിലേക്ക് അന്വേഷണം വ്യാപിപിച്ചത്. 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് മൂന്ന് തവണയായി കൊച്ചി വിമാനത്താവളം വഴിയാണെന്ന് വില്‍പനയ്ക്ക് എത്തിച്ചതെന്ന്  പൊലീസ് ഉറപ്പിക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അടക്കം സഹായം കഞ്ചാവ് കടത്താന്‍ ലഭിച്ചിട്ടുണ്ടെന്നാണ്  പൊലീസ് നിഗമനം. അറസ്റ്റിലായവരെ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ചോദ്യം ചെയ്യുന്നതോടെ ഇതില്‍ വ്യക്തത വരും.

പാലക്കാട് സ്വദേശിയായ അബു താഹിറാണ് തായ്‌ലന്‍ഡില്‍ നിന്നുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്ത് നിയന്ത്രിച്ചിരുന്നത്. ഇയാളെ ബെംഗളുരുവില്‍ നിന്നാണ് എറണാകുളം റൂറല്‍ എസ്.പി കെ.എസ് സുദര്‍ശനന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. താഹിറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ രാജ്യാന്തര ലഹരി സംഘങ്ങളെ പറ്റി വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.തായ് ലന്‍റിലേക്ക്  വിസിറ്റിങ്ങ് വീസയില്‍ ആളുകളെ കയറ്റിവിടാനും ഇവര്‍ വഴി കഞ്ചാവ് എത്തിക്കാനുമായി സഹായിച്ചിരുന്ന ഒറ്റപ്പാലം സ്വദേശിയായ ഹരികൃഷ്ണനെയും പൊലീസ് പിടികൂടിയിരുന്നു . 18 കിലോ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കാന്‍ കാരിയറായി പ്രവര്‍ത്തിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രസ്ജിത്ത് കഞ്ചാവ് വിതരണത്തിനായി സഹായിക്കുന്ന ശ്രീജേഷ്,സ‍ഞ്ജയ് എന്നിവര്‍ ഉള്‍പ്പെടെ കേസില്‍ ഇതുവരെ അറസ്റ്റിലായത് 7 പേരാണ് .

ENGLISH SUMMARY:

Police investigating the ₹18 crore hybrid ganja smuggling case in Kerala suspect that the accused received assistance from inside Kochi International Airport during multiple smuggling operations. The probe has expanded to examine the possible involvement of Customs officials, while investigators continue questioning the arrested suspects and tracing the international drug syndicate operating from Bangkok. Seven people have been arrested so far as the investigation gathers pace.