Image: Manorama, Special Arrangement
എറണാകുളം കോതമംഗലത്ത് സ്വകാര്യബസിന്റെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ കന്യാസ്ത്രീ മരിച്ചു. മുൻവാതിലിലൂടെ റോഡിലേക്കു തലയിടിച്ചു വീണ സിസ്റ്റർ ഹെയ്സ്‌ലെറ്റ് പുത്തേട്ട് (56) ആണു മരിച്ചത്. ബസ് വളവു തിരിഞ്ഞപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ചൊവ്വ രാവിലെ കോഴിപ്പിള്ളി ഗവ.എൽപി സ്കൂളിനു സമീപമാണ് അപകടം. വാഴക്കുളം–കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന ‘റെജിമോൻ’ ബസില്‍ വച്ചാണ് സംഭവമുണ്ടായത്. സിസ്റ്റർ ഹെയ്സ്‌ലെറ്റ് കയറിയപ്പോൾ ബസിൽ നിറയെ യാത്രക്കാരായതിനാൽ വാതിലിനരികെ നിൽക്കുകയായിരുന്നു.
അപകടത്തിനു പിന്നാലെ ബസ് കസ്റ്റഡിയിലെടുത്ത പൊലീസ്, ജീവനക്കാർക്കെതിരെ കേസെടുത്തു. ഡ്രൈവർ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് വാതിൽ അടച്ചിരുന്നില്ല. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുമെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.
അഗതികളുടെ സഹോദരിമാരുടെ (എസ്ഡി) സന്യാസ സമൂഹം കോതമംഗലം സെന്റ് വിൻസന്റ് പ്രോവിൻസ് അംഗമാണ്. കോതമംഗലം സെന്റ് ജോർജ്, വെളിയേൽചാൽ സെന്റ് ജോസഫ്സ്, ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളുകളിൽ അധ്യാപികയും വിവിധ മഠങ്ങളിൽ പ്രൊവിൻഷ്യൽ കൗൺസിലറും മദർ സുപ്പീരിയറുമായിരുന്നു.
മുരിക്കാശേരി പുത്തേട്ട് ഇഗ്നേഷ്യസിന്റെയും പരേതയായ അന്നമ്മയുടെയും മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ സ്മിത, ലിസി, ജോസ്, ജോർജ്, ബിനോയ്. സംസ്കാരം ഇന്നു 3.30നു കോഴിപ്പിള്ളി എസ്ഡി പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.