jayan-cherthala-kailash-actor

താരസംഘടനയായ ‘അമ്മ’യിൽ (AMMA) തർക്കങ്ങളും പ്രതിസന്ധികളും കൂടുതൽ രൂക്ഷമാക്കിക്കൊണ്ട് പുതിയ പൊട്ടിത്തെറി. ഭരണസമിതി അംഗങ്ങളായിരുന്ന നടൻ കൈലാഷും സംഘടനയുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും ഔദ്യോഗികമായി രാജിക്കത്ത് നൽകി. സംഘടനയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ഇരുവരും രാജി സന്ദേശം അയച്ചത്. നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും, സംഘടനയ്ക്കുള്ളിൽ അഡ്ഹോക്ക് (Ad-hoc) സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് തർക്കം മുറുകിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇരുവരും രാജിയിൽ ഉറച്ചുനിന്ന് ഔദ്യോഗികമായി കത്ത് നൽകിയിരിക്കുന്നത്.

അതിനിടെ താൻ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ചിട്ടില്ലെന്നും കേവലം രാജി പ്രഖ്യാപനം മാത്രമാണ് ഉണ്ടായതെന്നും ശ്വേത വ്യക്തമാക്കി. താൻ ഉൾപ്പെടുന്ന ഭരണസമിതി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ‘അമ്മ പ്രസിഡന്റ്’ എന്ന് സൈൻ ഓഫ് ചെയ്തുകൊണ്ടാണ് ശ്വേത ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. ‘അമ്മ’യെ ആരും ഭയപ്പെടുത്താനോ തകർക്കാനോ അനുവദിക്കില്ലെന്നും ശ്വേത തന്റെ പോസ്റ്റിലൂടെ പൊതുസമൂഹത്തോട് വ്യക്തമാക്കി.

രാവിലെ ചേർന്ന ‘അമ്മ’യുടെ അഡ്ഹോക്ക് സമിതി യോഗത്തോടെയാണ് തർക്കങ്ങൾ പുതിയ തലത്തിലേക്ക് കടന്നത്. സംഘടനയുടെ നിലവിലെ ബൈലാ (Bye-law) പ്രകാരം ഇത്തരമൊരു അഡ്ഹോക്ക് സമിതിക്ക് നിയമസാധുതയില്ലെന്നും സമിതി കൂടാൻ കഴിയില്ലെന്നും അംഗങ്ങളിൽ പലരും യോഗത്തിൽ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

അതേസമയം, അഡ്ഹോക്ക് സമിതിക്ക് നിയമസാധുതയില്ലെന്ന ആരോപണങ്ങൾ ഉയരുമ്പോഴും സംഘടനയുടെ ജനറൽ ബോഡിയാണ് എല്ലാ കാര്യങ്ങളിലും അവസാന വാക്കെന്നാണ് കെ.ബി. ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയത്.

രാജി പ്രഖ്യാപിച്ച ശേഷം ശ്വേതാ മേനോൻ നിലപാട് മാറ്റിയത് പൊതുസമൂഹത്തോടുള്ള വഞ്ചനയാണെന്ന തരത്തിൽ സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്ന നിലപാടിലാണ് ശ്വേത. ശ്വേത സംഘടനയുടെ പ്രസിഡന്റായി തുടരുന്നു എന്ന പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ്, നേരത്തെ പ്രഖ്യാപിച്ച രാജിയിൽ ഉറച്ചുനിൽക്കുന്നു എന്ന് വ്യക്തമാക്കി കൈലാഷും ജയൻ ചേർത്തലയും ഔദ്യോഗികമായി ഇമെയിൽ വഴി രാജി സമർപ്പിച്ചത്.  

ENGLISH SUMMARY:

AMMA actor's body crisis intensifies with new developments. Two executive committee members, Kailash and Jayanth Cherthala, have officially submitted their resignations, citing internal disputes over the formation of an ad-hoc committee.