കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ  വാഹനവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹനം ഓടിച്ചത് എംഎൽഎ അല്ലെന്ന് പൊലീസ്. ഇന്നലെ രാത്രിയാണ് എംഎൽഎയുടെ വാഹനം തട്ടി ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റത്. അതേസമയം എംഎൽഎ മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി എന്നാരോപിച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ആദ്യം മുക്കി, പിന്നാലെ വീണ്ടും ഫെയ്‌സ്ബുക്ക് പേജിൽ ഇട്ടു.

ഇന്നലെ രാത്രിയാണ് മങ്കൊമ്പ് തെക്കേക്കര ജങ്ഷന് സമീപം സമീപം എംഎൽഎയുടെ വാഹനം തട്ടി ബൈക്ക് യാത്രികനായ യുവാവിന് പരുക്കേൽക്കുന്നത്. ചമ്പക്കുളം മൂലം വള്ളംകളി കഴിഞ്ഞ് എംഎൽഎ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ നെടുമുടി സ്വദേശി സുനീഷിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായതിന് പിന്നാലെയാണ് റെജി ചെറിയാൻ എംഎൽഎ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കി എന്നും എംഎൽഎയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവൽ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. 

അധികം വൈകാതെ അത് ഒൺലി മീ ആക്കി.  മാധ്യമപ്രവർത്തകർ അന്വേഷിച്ചപ്പോൾ പോസ്റ്റ് വീണ്ടും പബ്ലിക് ആക്കി. അതിനുശേഷം  ഫ്രണ്ട്സ് ഒൺലി ആക്കി മാറ്റി. വീണ്ടും വീണ്ടും ഒൺലി മി ആക്കി മാറ്റി. അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം ഓടിച്ചത് റെജി ചെറിയാൻ എംഎൽഎ അല്ലെന്ന് കണ്ടെത്തി. എംഎൽഎയുടെ ഡ്രൈവർ ആയിരുന്നു  വാഹനം ഓടിച്ചത്. റെജി ചെറിയാൻ പിന്നിലെ സീറ്റിൽ ആയിരുന്നു.

പൊലീസ് എത്തുന്നത് വരെ എംഎൽഎ അപകട സ്ഥലത്ത് ഉണ്ടായിരുന്നതായും ആംബുലൻസ് വിളിച്ച് പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈയെടുത്തതായും പൊലീസ് സ്ഥിരീകരിച്ചു. പരുക്കേറ്റ യുവാവിന്റെ മൊഴി രേഖപ്പെടുത്തും. ഡ്രൈവർക്കെതിരെ കേസെടുക്കും. താനല്ല വാഹനം ഓടിച്ചിരുന്നതെന്ന് റെജി ചെറിയാൻ എംഎൽഎ നേരത്തെ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Kuttanad MLA accident details are emerging as police investigate a collision involving MLA Reji Cheriyan's vehicle and a motorcycle. Initial allegations of the MLA driving under the influence have been refuted by the police, who confirmed his driver was operating the vehicle at the time of the incident.