പനിപ്പേടിയില്‍ കേരളം. ഒരുമാസത്തിനിടെ 100 കടന്ന് പകര്‍ച്ചവ്യാധി മരണം. ഈ മാസം പനിബാധിച്ച് ചികില്‍സ തേടിയവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. മഴ കനത്തതോടെ എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്കി.
പനിച്ച് വിറയ്ക്കുകയാണ് നാട് എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, എം പോക്സ് ആരോഗ്യകേരളം തരാതരം പകര്‍ച്ചവ്യാധികളുടെ പിടിയില്‍. കൊതുകും എലിയും ചെളളുമെല്ലാം 28 ദിവസത്തിനിടെ കവര്‍ന്നത് 101 വിലപ്പെട്ട ജീവനുകള്‍. എലിപ്പനിയാണ് ജീവനെടുക്കുന്നതില്‍ മുമ്പില്‍. 9 പേരുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ 16 പേരുടെ മരണം എലിപ്പനി കാരണമെന്ന് സംശയിക്കുന്നു.
ഇന്‍ഫ്ളുവന്‍സയാണ് 24 പേരുടെ ജീവിത സ്വപ്നങ്ങള്‍ ഇല്ലാതാക്കിയത്. ഡെങ്കിപ്പനി 15 പേരുടെ മരണത്തിന് കാരണമായി. മഞ്ഞപ്പിത്തം എട്ടുപേരുടേയും ഷിഗെല്ല ആറുപേരുടേയും ജീവനെടുത്തു. അമീബിക് മസ്തിഷ്ക ജ്വരവും ആറുപേരുടെ മരണത്തിന് കാരണമായി.
നാലാഴ്ചയില്‍ പനി ബാധിച്ച് ചികില്‍സ തേടിയത് മൂന്നു ലക്ഷത്തിലേറെ പേരാണ്. വയറിളക്ക രോഗങ്ങള്‍ക്ക് ചികില്‍സ വേണ്ടിവന്നത് എണ്‍പത്തിനാലായിരം പേര്‍ക്കും. കൊതുകും എലിയും പെരുകുന്ന സാഹര്യങ്ങളും മലിനമായ ഭക്ഷണവും വെളളവുമാണ് ആരോഗ്യകേരളത്തെ പനിക്കിടക്കയില്‍ ആക്കിയത്.