പിറവത്ത് മൂവാറ്റുപുഴയാറ്റിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് കോതമംഗലത്തെ പൊലീസ് ഉദ്യോഗസ്ഥര്‍. തങ്ങള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച കുടുംബമാണ് ഇത്തരത്തില്‍ ജീവനൊടുക്കിയതെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ല എസ്എച്ച്ഒ പ്രശാന്ത് കുമാർ കെആറിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും.  

ഒരാഴ്ച മുന്‍പ് കോതമംഗലം പൊലീസ് സ്റ്റേഷനില്‍ സഹായം ചോദിച്ചെത്തിയവരായിരുന്നു ഈ കുടുംബം. താമസിക്കാന്‍ പോലും ഇടമില്ലെന്നു പറഞ്ഞെത്തിയ കുടുംബത്തെ സംരക്ഷിക്കാമെന്ന് ഉറപ്പു നല്‍കി. ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി ചെയ്യാവുന്നതെല്ലാം ചെയ്തു. അവര്‍ക്ക് താല്‍ക്കാലികമായി താമസിക്കാനായി ഒരു ഇടം സംഘടിപ്പിച്ചു കൊടുത്തു. ലോഡ്ജിൽ മുറി എടുത്ത് നൽകിയ ശേഷം ഉടന്‍ തന്നെ വീട് കണ്ടെത്താമെന്ന് ഉറപ്പു കൊടുത്തു. 

സമീപപ്രദേശത്തെ ബ്രോക്കര്‍മാരുമായി സംസാരിച്ചു. മൂന്നാലു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നെല്ലിക്കുഴി ഭാഗത്ത് ഒരു വീട് ശരിയായി. വീട് കാണാനായി കുടുംബത്തേയും കൂട്ടി നെല്ലിക്കുഴിയിലെത്തി. അവര്‍ക്ക് വീട് വളരെ ഇഷ്ടപ്പെട്ടു. വീട്ടിലേക്ക് ആവശ്യമായ കാര്യങ്ങളെല്ലാം സംഘടിപ്പിച്ചു. അടുത്ത ദിവസം തന്നെ താമസം മാറാമെന്ന് തീരുമാനിച്ചു. വണ്ടിയുമായി രാവിലെ വരാമെന്ന് പറഞ്ഞാണ് പൊലീസുകാര്‍ തിരിച്ചുപോന്നത്. പിറ്റേ ദിവസം രാവിലെ വണ്ടിയുമായി കുടുംബത്തെ കൊണ്ടുപോകാനായി ചെന്നപ്പോള്‍ കുടുംബത്തെ കണ്ടില്ല. രാവിലെ പള്ളിയിലേക്ക് പോവുകയാണെന്ന് കുടുംബം പറഞ്ഞെന്ന് റൂം ബോയ് പറഞ്ഞു.

എന്ത് ആവശ്യത്തിനും തങ്ങളുമായി ബന്ധപ്പെടാന്‍ ഒരു ഫോണ്‍ വാങ്ങിച്ചു തരാമെന്നും കുടുംബത്തിന് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു. സിം വാങ്ങാനായി ആധാര്‍ കാര്‍ഡ് നല്‍കണമെന്ന് പറഞ്ഞിരുന്നു. താമസം മാറുമ്പോള്‍ അതും നല്‍കാമെന്ന് കുടുംബം സമ്മതിച്ചിരുന്നതായി എസ്എച്ച്ഒ പറയുന്നു. 

പക്ഷേ ഇങ്ങനൊരു ബുദ്ധിമോശം ആ കുടുംബം കാണിക്കുമെന്ന് തങ്ങള്‍ കരുതിയില്ലെന്ന് എസ്എച്ച്ഒ വേദനയോടെ പറയുന്നു. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ ചെറിയ സംശയം തോന്നിയെങ്കിലും വിശ്വസിക്കാന്‍ മനസ് വന്നില്ല. അതേസമയം കുഞ്ഞുങ്ങളുടേയും ഭര്‍ത്താവിന്റേയും മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞതോടെയാണ് ആ കുടുംബമാണെന്ന് സ്ഥിരീകരിച്ചതെന്നും എസ്എച്ച്ഒ പറയുന്നു. 

Tragic Family Demise Shocks Kothamangalam Police:

The Kothamangalam police are in shock after a family of four died in the Muvattupuzha River in Piravom. They had recently helped the family find housing and were trying to support them, making their tragic end difficult to comprehend.