mdma-vidya

TOPICS COVERED

എംഡിഎംഎ കേസില്‍ അറസ്റ്റിലായ ചൂണ്ടല്‍ സ്വദേശി വിദ്യ ജോലി ചെയ്യുന്നത് അനസ്തീസിയ ടെക്നീഷ്യന്‍ ആയാണ് . ശസ്ത്രക്രിയകള്‍ക്ക് മുന്‍പും ശേഷവും രോഗികള്‍ക്ക് സുരക്ഷിതമായ പരിചരണം ഉറപ്പാക്കുക എന്ന അങ്ങേയറ്റം ജാഗ്രതയോടെ ചെയ്യേണ്ട ജോലിയാണിത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അനസ്തീസിയ നൽകുന്നതിനും അതിനുള്ള ഉപകരണങ്ങൾ കൃത്യമായി മാനേജ് ചെയ്യുന്നതിനും ഡോക്ടർമാരെ സഹായിക്കുന്ന വിദഗ്ദ്ധരായ ആരോഗ്യപ്രവര്‍ത്തകരാണ് അനസ്തീസിയ ടെക്നീഷ്യന്‍മാര്‍. ഇവിടെയാണ് ജോലിക്കിടെ ഉറക്കം വരാതിരിക്കാന്‍ വിദ്യ എംഡിഎംഎ ഉപയോഗിക്കുന്നത്. താന്‍ എംഡിഎംഎ ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന് വിദ്യ ഡാന്‍സാഫ് സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.  

കഴിഞ്ഞ ദിവസമാണ് 320 ഗ്രാം എംഡിഎംയുമായി രണ്ട് സ്ത്രീകളടക്കം അഞ്ചു പേരെ പിടികൂടിയത്. പിടിയിലായ അനസ്തീസിയ ടെക്നീഷ്യന്‍ വിദ്യയുടെ ഭര്‍ത്താവ് ഓട്ടോഡ്രൈവറാണ്, ഇവര്‍ക്ക് ഒരു കു‍ഞ്ഞുമുണ്ട്. എംഡിഎംഎ ഉപയോഗിച്ചാല്‍ ഉറങ്ങാതിരിക്കാമെന്ന് എവിടെയോ കേട്ടതിനെ തുടര്‍ന്നാണ് എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയതെന്ന് വിദ്യ ഡാന്‍സാഫ് സംഘത്തോട് പറഞ്ഞു. ഉപയോഗിച്ചു തുടങ്ങിയതോടെ ഇതില്ലാതെ പറ്റില്ലെന്ന അവസ്ഥയായി വിദ്യയ്ക്ക്. 

നാലുപേരടങ്ങുന്ന സംഘമാണ് പാലക്കാട് മുതലമടയിലെ റിസോര്‍ട്ടില്‍ നിന്ന് വരുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടപ്പെട്ടത്. അടിവസ്ത്രത്തില്‍ എംഡിഎംഎ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ കാറില്‍ യാത്ര ചെയ്തത്. ബാക്കിയുള്ളത് കണ്ടെത്തിയത് പ്രതി ഷിഫാസിന്റെ വീട്ടില്‍ നിന്നും, ചാവക്കാട് അലുമിനിയം ഫാബ്രിക്കേഷന്‍സ് കമ്പനിയില്‍ നിന്നുമാണ്. 

ബാംഗ്ലൂരിൽഏവിയേഷൻ പഠിക്കുന്ന ശ്രീലക്ഷ്മിയാണ് കേസില്‍ പിടിയിലായ രണ്ടാമത്തെ യുവതി. ആദ്യമായാണ് ലഹരി ഉപയോഗിക്കുന്നതെന്നും നല്‍കിയത് കാമുകന്‍ ജിഷ്ണുവാണെന്നും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ ജിഷ്ണു എംഡിഎംഎ സംഘത്തിലെ പ്രധാനിയാണ്. കൂട്ടത്തിലെ നാലാമൻ ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടില്‍ നിന്നും 18 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. 

ഷിഫാസിന്റെ സുഹൃത്ത് സുമേഷാണ് പിടിയിലായ മറ്റൊരാള്‍. ചാവക്കാടുള്ള അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലേക്ക് എംഡിഎംഎ മാറ്റിയത് സുമേഷാണ്. ഇവര്‍ക്ക് കൂട്ടാളികളായി കൂടുതല്‍ പേരുണ്ടോയെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതികളെ റിമാന്‍‍ഡ് ചെയ്തു. 

Anesthesia Technician Arrested in Kerala MDMA Case:

In the MDMA case involving an anesthesia technician in Kerala, the accused claims to have started using the drug to stay awake during her demanding job. This shocking revelation sheds light on the drug abuse happening even within critical healthcare professions.