സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യത്തിൽ സംവിധായകൻ ജിസ് ജോയ്ക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി. ഒത്തുതീർപ്പിനില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കിയതോടെ കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
'ഇൻസോംനിയ' എന്ന പ്രോഗ്രാമിന്റെ പേരിൽ 35 ലക്ഷം രൂപ തട്ടിച്ചുവെന്ന കൊച്ചി മറൈൻ ഡ്രൈവ് സ്വദേശി വി. ജെ. മാത്യുവിന്റെ പരാതിയിലാണ് കേസ്. മെന്റലിസ്റ്റ് ആദി എന്ന ആദർശ് കൊല്ലാടത്തിനെ ഒന്നാം പ്രതിയാക്കി എറണാകുളം സെൻട്രൽ പോലീസ് എടുത്ത കേസിൽ ജിസ് ജോയിയെ കൂടാതെ മറ്റ് രണ്ടുപേർ കൂടി പ്രതികളാണ്.
ഇൻസോംനിയ മെന്റലിസം ഷോയിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപത്തുകയും ലാഭവിഹിതവും നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വാഗ്ദാനം ലംഘിച്ചുവെന്നാണ് വി. ജെ. മാത്യുവിന്റെ പരാതി. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരന്റെ അഭിഭാഷകരായ അരുൺ ജി. കൃഷ്ണൻ, പൂജ സതീഷ് എന്നിവർ വ്യക്തമാക്കി.