വഴിവിളക്കിന്‍റെ ഇരുണ്ട വെളിച്ചത്തില്‍ തിരുവാതിര പരിശീലിച്ച് വേദികള്‍ കീഴടക്കുന്ന ഒരു സ്ത്രീ കൂട്ടായ്മയുടെ കഥയിലേക്ക് . ജോലി കഴിഞ്ഞുള്ള വിശ്രമവേള ഈ 12 അംഗ സംഘത്തിന് കലയുമായി ലയിക്കാനുള്ള സമയമാണ്. ഒരു കാലത്ത് പരിഹസിച്ചവരും പരിശീലനത്തിന് ഇടം തരാന്‍ മടിച്ചവരും വരെ കയ്യടിക്കുകയാണ് അഷ്ടപദി കിളിമാനൂരിന്‍റെ കലായാത്രയ്ക്ക്
തിരക്കിട്ട വീട്ടുജോലിയും ഉപജീവനമാര്‍ഗത്തിനുള്ള ചെറിയ ജോലികളുമൊക്കെയായി കൂടുമ്പോഴാണ് ഈ പെണ്‍സംഘത്തിന് തിരുവാതിരയെന്ന മോഹമുദിച്ചത്. പരിശീലനത്തിനിടം ചോദിച്ചുചെന്നപ്പോള്‍ തളര്‍ത്തിയവര്‍ ഏറെ. ഒടുവിലവര്‍ കിളിമാനൂര്‍ പഴയകുന്നുമ്മല്‍ പഞ്ചായത്തിന് മുന്നില്‍ അവസാനിക്കുന്ന റോഡില്‍ ഒത്തുകൂടി. ചുവടുകള്‍ വെച്ചു.
കുത്തുവാക്കുകള്‍ മുതല്‍ പരിഹാസം വരെ. തളര്‍ന്നുപോകുന്നവരെ ബാക്കിയുള്ളവര്‍ ചേര്‍ത്തുപിടിച്ചു. ഒരു വ്യാഴവട്ടക്കാലത്തെ പരിശീലനം 12 പേരുടേയും ഈണങ്ങള്‍ക്ക് ഒരേ ഈണം പകര്‍ന്നു,ഒരേ മനസ്സും.
12 വര്‍ഷം മുന്‍പ് ഗുരുവായൂര്‍ ഏകാദശിയില്‍ അവതരിപ്പിച്ച് തുടങ്ങിയ തിരുവാതിര ഇന്ന് 300 വേദികള്‍ കടന്നു.
തിരുവാതിരയുടെ ഇമ്പത്തിനൊപ്പം കൈകൊട്ടുകളിയുടെ താളവും അരങ്ങുനിറയുമ്പോള്‍ കലാപ്രേമികള്‍ അഷ്ടപദി കിളിമാനൂരിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്.