മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ്ഹൗസിലേക്ക് താമസം മാറും. രാവിലെ ആറുമണിക്കാണ് ഗൃഹപ്രവേശമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പത്തു വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിന്ന് താമസം മാറിയത്.
തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് അദ്ദേഹം തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള വാടക വീട്ടിലേക്കാണ് മാറിയത്. 2016-ൽ മുഖ്യമന്ത്രിയായതു മുതൽ 2026 മെയ് വരെയാണ് പിണറായി വിജയന്‍ ക്ലിഫ്ഹൗസില്‍ താമസിച്ചത്.
തിരുവനന്തപുരം നന്തൻകോടുള്ള ക്ലിഫ് ഹൗസിന് ഏകദേശം 15,000 ചതുരശ്ര അടി വിസ്തീർണ്ണവും, 4.2 ഏക്കർ വിസ്താരമുള്ള വളപ്പുമുണ്ട്. തിരുവിതാംകൂർ രാജഭരണകാലത്ത് 1939-ൽ ആണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.