തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തിൽ ബി.ജെ.പിക്ക് വൻ തിരിച്ചടിയും നാണക്കേടും. ദൈവങ്ങളുടെയും, ബലിദാനികളുടെയും പേരിലുള്ള 20  കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. കാപ്പാ കേസില്‍ ജയിലില്‍ കിടക്കുന്ന ആര്‍. സുഗതന്‍ ഒഴികെയുള്ള 19 പേര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഭരണസമിതി നിലനില്‍പ്പും ത്രിശങ്കുവിലായി. 

പത്മനാഭസ്വാമി, ആറ്റുകാല്‍ അമ്മ, കാര്യവട്ടം ധര്‍മശാസ്താവ്, കാവിലമ്മ തുടങ്ങി ഭാരതാംബയും ബലിദാനികളും വരെ– ഇങ്ങിനെയായിരുന്നു ബി.ജെ.പിയുടെ 50ല്‍ 20 കൗണ്‍സിലര്‍മാരും ആദ്യം സത്യവാചകം ചൊല്ലിയത്. ആ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയ ഹൈക്കോടതി ഡെപ്യൂട്ടി മേയറടക്കം 20 പേരുടെയും സത്യപ്രതിജ്ഞ അസാധുവാക്കി. വ്യത്യസ്ത മതസ്ഥർ ദൈവത്തെ പല പേരിൽ വിളിക്കുന്നുണ്ട്. 

എന്നാൽ ഭരണഘടനയും നിയമവും വിഭാവനം ചെയ്യുന്ന 'ദൈവം' എന്ന വാക്കിനെ സ്വന്തം താല്പര്യപ്രകാരം വിപുലീകരിക്കാൻ ജനപ്രതിനിധികൾക്ക് അധികാരമില്ലെന്ന് വിധിയില്‍ ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി നാലാഴ്ച സമയം നല്‍കിയെങ്കിലും നാണക്കേടും ഭരണപ്രതിസന്ധിയുമായതോടെ ഇന്ന് വൈകിട്ട് തന്നെ സത്യപ്രതിജ്ഞ ഒരുക്കി. കലക്ടര്‍ക്ക് പകരം മേയര്‍ തന്നെ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോള്‍ ഇത്തവണ എല്ലാവരും ഈശ്വരനാമം ചൊല്ലി.

പക്ഷെ പ്രതിസന്ധി ഇതോടെ കഴിഞ്ഞില്ല. കാപ്പാ കുറ്റം ചുമത്തി വിയ്യൂര്‍ ജയിലില്‍ കിടക്കുന്ന ആര്‍.സുഗതന് സത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. കോടതി പറഞ്ഞ സമയത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലങ്കില്‍ സുഗതന്‍ അയോഗ്യനാകും. അങ്ങനെ വന്നാല്‍ നിലവില്‍ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ഭരിക്കുന്ന ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടമാകും. എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിച്ചാല്‍ ഭരണം പോലും പോയേക്കും. എന്നാല്‍ സുഗതനും ഉടന്‍ ചെയ്യുമെന്ന് മാത്രം പറഞ്ഞ് തലയൂരുകയാണ് മേയര്‍.  

ENGLISH SUMMARY:

The Thiruvananthapuram Corporation oath controversy saw a major setback for the BJP, with the High Court invalidating the oath taken by 20 councilors in the names of deities. This political crisis puts the ruling body's stability in jeopardy.