Untitled design - 1

കൊട്ടാരക്കരയില്‍ ടിപ്പര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്നവരുടെ  മുകളിലേക്ക് മറിയുകയായിരുന്നു. കുടവട്ടൂര്‍ ലക്ഷ്മി കോട്ടേജില്‍ ഹരിലാല്‍ (54), കടലാവിള കാര്‍മല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥി പാര്‍ഥിപന്‍ (15), അനഘാ ഭവനില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അജയന്‍ (40) എന്നിവരാണ് മരിച്ചത്. ഹരിലാല്‍ ട്യൂട്ടോറിയല്‍ അധ്യാപകനാണ്. മകനെ ബസ് കയറ്റാന്‍ വന്നപ്പോഴായിരുന്നു അജയകുമാറിന്റെ മരണം 

അഞ്ചുപേര്‍ വാഹനത്തിന് അടിയില്‍പെട്ടു. മരിച്ചവരില്‍ ഒരാള്‍ നീലേശ്വരം സ്വദേശി ഹരിലാലാണ്. മൂന്നു പേരുടെ നില ഗുരുതരമാണ്. നാലു കുട്ടികള്‍ക്ക് നിസാരപരുക്കുണ്ട്. മണ്ണ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത് . മണ്ണ് നീക്കി പരിശോധന തുടരുന്നു. പരിശോധനയ്ക്കിടെ ഒരു സ്കൂള്‍ ബാഗ് ലഭിച്ചു. 

നിയന്ത്രണം വിട്ട ലോറിയുടെ വരവ് കണ്ട് പലരും ഓടി മാറിയെങ്കിലും രക്ഷപ്പെടാൻ സാധിക്കാത്തവരുടെ മേലേക്ക് ലോറി മറിയുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മണ്ണും ലോറിയും നീക്കി അടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു

രാവിലെ 7.15നായിരുന്നു അപകടം . ബസ് സ്റ്റോപ്പില്‍ 12 പേര്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. 7.10ന്റെ ബസ് വൈകി, ഇതാണ് സ്റ്റോപ്പില്‍ ആളുണ്ടാവാന്‍ കാരണം. നാട്ടുകാരാണ് മണ്ണിനടിയില്‍പെട്ടവരെ രക്ഷിച്ചത്. ആംബുലന്‍സില്‍ ഉടനെ ആശുപത്രിയിലേക്ക് അയച്ചു. രണ്ടു ശരീരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. കുട്ടികളടക്കം സ്റ്റോപ്പില്‍ ഉണ്ടായിരുന്നു, ചിലര്‍ ഓടിമാറി. ഒരു കടയുടെ ഓരവും മതിലും ഇടിഞ്ഞുവീഴുകയായിരുന്നു. ടിപ്പര്‍ ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമായത്. ബൈക്കില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മറിയുകയായിരുന്നെന്നും അപകടം നേരില്‍ കണ്ടയാള്‍ പറഞ്ഞു. 

ENGLISH SUMMARY:

Kottarakkara accident involved a Tipper lorry crashing into a bus stop, resulting in two fatalities and multiple injuries. The tragic incident occurred when the overloaded lorry lost control, crushing those waiting for a bus.