ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ. പകർച്ചപ്പനി പ്രതിരോധത്തിൽ ആരോഗ്യവകുപ്പ് പൂർണ പരാജയമെന്ന് പ്രതിപക്ഷം ആരോപിച്ചു. പത്തുവർഷം എൽഡിഎഫ് സർക്കാർ ഉണ്ടാക്കി വച്ച പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ തിരിച്ചടിച്ചു.
നിപ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്നും പകർച്ചപ്പനി പടരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. ആരോഗ്യ മേഖലയിലെ കേരള മോഡൽ തകർത്തെന്നും നോട്ടിസ് നൽകിയ പി.എ. മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. DHS കസേരക്കളി കേരളം ഇതുവരെ കാണാത്ത ഒന്നാണ്. ഒരു മന്ത്രി പോലുമില്ലാത്ത കോഴിക്കോട് ജില്ലയിൽ ഒരു ഡിഎംഒ എങ്കിലും നിയമിക്കണമെന്നും റിയാസ്.
അതേസമയം, സംസ്ഥാനത്ത് എബോള സ്ഥിരീകരിച്ചു എന്ന് പ്രതിപക്ഷം നോട്ടീസിൽ പറഞ്ഞത് വസ്തുതാവിരുദമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, രാജ്യത്ത് എവിടെയും എമ്പോള സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ 10 വർഷം റീൽസും അഞ്ചുവർഷം വീണമീട്ടലും മാത്രമാണ് നടന്നതെന്നും അതിൻ്റെ തിരുത്തൽ ആണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കെ. മുരളീധരൻ പരിഹസിച്ചു. മുൻപ് നിപ ബാധിച്ച് 17 പേർ മരിച്ചപോൾ ഇപ്പോൾ ഒരാൾ മാത്രമാണ് ചികിൽസയിൽ. DMO നിയമനം നടത്താൻ ഒരു യോഗം പോലും കഴിഞ്ഞ സർക്കാർ ചേർന്നില്ലെന്നും മുരളിധരൻ പറഞ്ഞു.
കഴിഞ്ഞ സർക്കാരിൻറെ അവസാനകാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പെരുമാറ്റച്ചട്ടം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ഒഴിവുകൾ നികത്താൻ യോഗം ചേരാൻ കഴിഞ്ഞില്ലെന്ന് സമ്മതിച്ചു. ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധിയുടെ ഗൗരവം കെ. മുരളീധരൻ ഉൾക്കൊന്നില്ലെന്ന് പറഞ്ഞ പിണറായി, മുരളിയുടെ പഴയ എരണംകെട്ട പരമാർശ പ്രസംഗവും സഭയിലുയർത്തി. പ്രമേയത്തിന് അവതരണാ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.