മന്ത്രിയും മന്ത്രിസഭയും അറിയാതെയാണ് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനമെന്ന വിമര്‍ശനത്തിനിടെ തുടര്‍ നടപടികളുമായി എക്സൈസ് മന്ത്രി. വില്‍പനയ്ക്കായി മദ്യനിര്‍മാണ കമ്പനികള്‍ താല്‍പര്യമറിയിച്ചാല്‍ എക്സൈസ് വകുപ്പിന് ഇങ്ങനെയൊരു തീരുമാനമില്ലെന്ന് അറിയിക്കും. എക്സൈസ് കമ്മിഷണറോട് ജില്ലകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
നികുതിഘടന നിശ്ചയിച്ച തീരുമാനം മന്ത്രി അറിഞ്ഞോ. മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നോ. സ്വാഭാവിക ചോദ്യങ്ങള്‍ക്ക് ധനവകുപ്പിന് സ്വതന്ത്ര അധികാരമുണ്ടെന്ന് എക്സൈസ് മന്ത്രി പറയുമെങ്കിലും തീരുമാനം മുഖ്യമന്ത്രി മാത്രമേ അറിഞ്ഞിരുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. മുഖ്യമന്ത്രി ആശയവിനിമയം നടത്തിയില്ലെങ്കിലും തന്‍റെ അധികാരം എക്സൈസ് മന്ത്രി ഉപയോഗിക്കും. നികുതി നിശ്ചയിച്ചതിന് പിന്നാലെ വിപണി ലക്ഷ്യമിട്ട് മുന്തിയ മദ്യക്കമ്പനികള്‍ നിര്‍മാണ താല്‍പര്യമറിയിച്ച് വരാനുള്ള സാധ്യതയേറെയാണ്. അന്വേഷിക്കുന്നവരോട് എക്സൈസിന് മുന്നില്‍ ഇങ്ങനെയൊരു പദ്ധതിയില്ലെന്ന് അറിയിക്കും.
എക്സൈസ് കമ്മിഷണറോട് ജില്ലകളുടെ ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരെ രേഖാമൂലം നിലപാടറിയിക്കാന്‍ നിര്‍ദേശിക്കും. ലൈസന്‍സില്‍ തുടങ്ങി ഇരുപതിന അനുമതിയാണ് പുതിയ മദ്യം വിപണിയിലിറക്കാന്‍ വേണ്ടത്. ഇക്കാര്യത്തില്‍ ഒരെണ്ണത്തില്‍ പോലും നീക്കുപോക്കുണ്ടാവില്ല. എല്‍.ഡി.എഫിന്‍റെ മദ്യനയം ഉള്‍പ്പെടെ പുതുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടിയിരുന്നോ എന്ന സംശയം ഘടകക്ഷികള്‍ക്കുമുണ്ട്. വീര്യം കുറഞ്ഞ മദ്യനിര്‍മാണത്തിന്‍റെ വാതില്‍ തുറന്നത് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണെങ്കിലും കര്‍ണാടക ലോബിയുടെ സമ്മര്‍ദം, മദ്യനിര്‍മാതാക്കളുടെ പ്രേരണ അങ്ങനെ തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രിക്ക് നിറയെ കാരണങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം.