യൂണിഫോമിട്ട് മദ്യം വാങ്ങാനെത്തിയ സ്കൂൾ വിദ്യാർഥിയുടെ റീൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. യൂണിഫോമിൽ സ്കൂൾ ബാഗൂം തൂക്കി വിദ്യാർത്ഥി മദ്യക്കടയിലേക്ക് ചെല്ലുന്നതും ഒരു പയന്റ് ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.
മദ്യക്കടയിലെ ജീവനക്കാരൻ സ്കൂൾ വിദ്യാർഥിയെ ശകാരിച്ച ശേഷം മദ്യം കൊടുക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. ഈ റീൽ വൈറലായതോടെ വലിയ വിമർശനം ഉയരുകയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കടുത്ത നടപടി സ്വീകരിക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ മദ്യവിൽപ്പനശാലയിൽ നിന്ന് മദ്യം വാങ്ങുന്നുണ്ടെന്ന ആരോപണവുമായി പ്രദേശവാസികളും രംഗത്തെത്തി.
സംഭവം വിവാദമായതോടെ, ദാമോ ജില്ലാ കളക്ടർ സുധീർ കൊച്ചാർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. എക്‌സൈസാണ് സംഭവം അന്വേഷിക്കുക. മദ്യം നൽകിയ ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.
കഴിഞ്ഞ ആഴ്ചയും മാണ്ട്‌ല ജില്ലയിലെ നൈൻപൂരിൽ സ്‌കൂൾ യൂണിഫോം ധരിച്ചെത്തിയ പെൺകുട്ടികൾ മദ്യശാലയിൽ നിന്ന് മദ്യം വാങ്ങിയത് വലിയ വാർത്തയായിരുന്നു. ഷാളുപയോഗിച്ച് മുഖം മറച്ചെത്തിയ പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.