വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് നിർമ്മിച്ചത് ഡിവൈഎഫ്ഐ നേതാവും എംപിയുമായ എഎ റഹിമിന്റെ നിർദേശപ്രകാരമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഇതിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്ന് എഎ റഹിം എംപി ഫെയ്സ്ബുക്കിൽ കുറിച്ചു.
'വ്യാജപ്രചരണങ്ങൾക്കെതിരായ നിയമനടപടികൾ തുടരുന്നതിന്റെ ഭാഗമായി മറ്റൊരു വ്യാജ പ്രചാരണത്തിനെതിരായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചു. നവമാധ്യമങ്ങളിലെ ഇത്തരം വ്യാജ പ്രചരണങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരായി കൂടുതൽ പരാതികൾ നൽകുന്നതും നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതുമാണ്. വ്യാജ പ്രചാരണങ്ങളിൽ ഒരു വിട്ടു വീഴ്ച്ചയും ഉണ്ടാകില്ല.' - അദ്ദേഹം കുറിച്ചു.
ജിതിൻ ഭാസ്കറിന്റെ നിർണായക മൊഴിയിൽ എഎ റഹിമിന്റെ പേരുണ്ടെന്ന തരത്തിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന 'കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തിന്റെ പേരിലാണ് എ.എ. റഹീമിനെതിരെ വലിയ തോതിലുള്ള സൈബർ വ്യാജ പ്രചാരണം നടക്കുന്നത്.
കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കർ കേസിൽ തെളിവ് നശിപ്പിക്കാൻ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. ഇക്കാര‍്യം പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ ചോദ‍്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. ജില്ലാ ഫൊറൻസിക് സയൻസ് ലാബിൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഫോൺ റീസെറ്റ് ചെയ്തെന്ന കാര‍്യം മനസിലായത്.
കൂടുതൽ പരിശോധനകൾക്കായി ഫോൺ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറൻസിക് ലാബിലേക്ക് അയക്കും. ഇതിനായി കോടതിയിൽ എസ്ഐടി അപേക്ഷ സമർപ്പിക്കും.