gold

കൊച്ചി-തൃശൂർ മേഖലയെ സ്വർണാഭരണ നിർമാണ ഇടനാഴിയായി വികസിപ്പിക്കുമെന്ന സംസ്ഥാന ബജറ്റ് പ്രഖ്യാപനം സ്വർണ വ്യാപാരികൾ സ്വാഗതം ചെയ്തു. ആഭരണ നിർമാണ മേഖലയെ ശക്തിപ്പെടുത്തുകയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതിയാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

തൃശൂരിൽ നാല് ഏക്കർ ഭൂമി ലഭ്യമാക്കിയാൽ കുറഞ്ഞത് 200 ആഭരണ നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ഒരുകാലത്ത് സ്വർണാഭരണ നിർമാണ മേഖലയിൽ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്ന തൃശൂർ, വീണ്ടും ആ പ്രതാപകാലത്തേയേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും മേഖലയ്ക്കുണ്ട്.

മുൻകാലങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ എത്തിച്ച് ആഭരണ നിർമാണ രംഗത്ത് പരിശീലനം നൽകിയിരുന്നു. പരമ്പരാഗത സ്വർണപ്പണിക്കാർക്കൊപ്പം പ്രവർത്തിച്ച ഇവർ മേഖലയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഇന്നും നിരവധി ജ്വല്ലറികളും ആഭരണ നിർമാണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്ന തൃശൂർ നഗരത്തിൽ സ്വർണ വ്യാപാരത്തിന് പ്രത്യേക സ്ഥാനമുണ്ട്.

കൊച്ചിയെയും തൃശൂരിനെയും ബന്ധിപ്പിച്ചുള്ള സ്വർണാഭരണ നിർമാണ ഇടനാഴി യാഥാർഥ്യമായാൽ, ആഭരണ നിർമാണവുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിലുള്ള യൂണിറ്റുകൾ ഒരേ കേന്ദ്രത്തിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

ബജറ്റ് പ്രഖ്യാപനത്തെ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും സ്വാഗതം ചെയ്തു. ആഭരണ വ്യവസായത്തിന്റെ സമഗ്ര വികസനത്തിനായി 30 ഏക്കർ ഭൂമിയിൽ ഏഴ് ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ജെം ആൻഡ് ജ്വല്ലറി പാർക്ക് സ്ഥാപിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

നിലവിൽ സ്വർണാഭരണ മേഖല വിവിധ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന സാഹചര്യത്തിൽ, പുതിയ ബജറ്റ് പ്രഖ്യാപനം മേഖലയ്ക്ക് കരുത്തേകുമെന്നും പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്നും വ്യാപാരികൾ പ്രത്യാശ പ്രകടിപ്പിച്ചു.

ENGLISH SUMMARY:

Malayala Manorama Online News reports that gold merchants have warmly welcomed the Kerala budget announcement to establish a gold jewelry manufacturing corridor connecting Kochi and Thrissur. This landmark initiative is expected to revive Thrissur's legacy as a major jewelry hub and generate significant employment opportunities in the state.