hopital

സംസ്ഥാനത്ത് രണ്ട് പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ ആരോഗ്യവിദഗ്ധര്‍ രംഗത്ത്. പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ നിലവിലുള്ള ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സാ സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രി കോംപൗണ്ടില്‍ പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതി ഏറെക്കാലമായി ഉയര്‍ന്നുവരുന്ന ആവശ്യങ്ങളിലൊന്നാണ്.

എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ആരോഗ്യരംഗത്ത് നിന്ന് തന്നെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് ചെലവാകുന്ന തുകയുടെ ചെറിയൊരു വിഹിതം മാത്രം മതിയാകുമെന്നും അതുപയോഗിച്ച് ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കാനാകുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയും സംയോജിപ്പിച്ച് ‘ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ്’ എന്ന പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിനായി 101 തസ്തികകള്‍ സൃഷ്ടിക്കുകയും 100 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് അന്നത്തെ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയും ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഭരണമാറ്റം സംഭവിച്ചതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതിക്കും മുന്‍പ് ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനിരുന്ന പദ്ധതിക്കെതിരെ അന്നത്തെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. കൂടാതെ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്ന് വളരെ കുറഞ്ഞ ദൂരത്തില്‍ മറ്റൊരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന്റെ യുക്തിയെക്കുറിച്ചും അന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന പല മെഡിക്കല്‍ കോളജുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കോന്നി, വയനാട്, ഇടുക്കി, മഞ്ചേരി, കാസര്‍കോട്, കൊല്ലം തുടങ്ങിയ മെഡിക്കല്‍ കോളജുകളില്‍ ഇപ്പോഴും ആവശ്യമായ ചികിത്സാ സംവിധാനങ്ങളും വിദഗ്ധ വിഭാഗങ്ങളും പൂര്‍ണതോതില്‍ വികസിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതിലൂടെ പ്രധാനമായും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും വര്‍ധിപ്പിക്കാനാണ് സാധിക്കുകയെന്നും, അതേസമയം സാധാരണ രോഗികള്‍ക്ക് അടിയന്തരമായി ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ വലിയ നേട്ടമുണ്ടാകില്ലെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന ഹൃദ്രോഗ, കാന്‍സര്‍, ന്യൂറോ, ട്രോമാ തുടങ്ങിയ സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സാ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും നിലവിലുള്ള ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ഇപ്പോള്‍ സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ഏറ്റവും ആവശ്യമായ നടപടിയെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

ENGLISH SUMMARY:

Malayala Manorama Online News highlights the rising criticism from healthcare experts and organizations like the IMA against the Kerala government's budget proposal to set up two new medical colleges. Experts argue that the government should prioritize upgrading existing hospitals to super-specialty facilities instead of funding new construction projects.