പതിറ്റാണ്ടുകളായി സിനിമാമേഖല ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായ സിനിമയ്ക്ക് വ്യവസായ പദവി നൽകാനുള്ള തീരുമാനം യാഥാർഥ്യമായതോടെ സാമ്പത്തികവും നിയമപരവുമായി വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ച് സിനിമാരംഗം. വ്യവസായ പദവി ലഭിക്കുന്നതോടെ സിനിമാ മേഖലയിലെ വിവിധ ആവശ്യങ്ങൾക്ക് ഏകജാലക സംവിധാനം (Single Window System) ഒരുക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് മനോരമ ന്യൂസിനോട്.

വ്യവസായ പദവി ലഭിക്കുന്നതോടെ നിർമാതാക്കൾക്ക് ഉയർന്ന പലിശ ഈടാക്കുന്ന സ്വകാര്യ ധനസഹായകരെ ആശ്രയിക്കേണ്ട സാഹചര്യം കുറയുമെന്നാണ് വിലയിരുത്തൽ. ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാകുന്നതിലൂടെ സിനിമാ നിർമാണ മേഖലയ്ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.

തിയേറ്ററുകളും സ്റ്റുഡിയോകളും ഉൾപ്പെടെയുള്ള സിനിമാ അടിസ്ഥാനസൗകര്യ വികസനത്തിനും തീരുമാനം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഒരു തിയേറ്റർ ആരംഭിക്കുന്നതിനുള്ള അനുമതികൾ ലഭിക്കാൻ രണ്ട് വർഷം വരെ സമയമെടുക്കുന്ന സാഹചര്യത്തിൽ, ഏകജാലക സംവിധാനത്തിലൂടെ നടപടിക്രമങ്ങൾ ലളിതമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അതേസമയം, വ്യവസായങ്ങൾക്ക് ലഭിക്കുന്ന വൈദ്യുതി നിരക്കിളവുകൾ, ഭൂമി അനുവദിക്കൽ, നികുതി ആനുകൂല്യങ്ങൾ തുടങ്ങിയ പ്രോത്സാഹനങ്ങൾ സിനിമാ മേഖലയ്ക്കും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് സംഘടനകൾ. എന്നാൽ സിനിമാ മേഖലയെ ബാധിക്കുന്ന ഇരട്ട നികുതി പ്രശ്നത്തിന് സർക്കാർ പരിഹാരം കാണണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവെയ്ക്കുന്നു.

ഇതിനിടെ, കൊച്ചിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ഫിലിം സിറ്റി ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 100 കോടി രൂപ വകയിരുത്തിയ ബജറ്റ് പ്രഖ്യാപനവും സിനിമാരംഗം സ്വാഗതം ചെയ്തു. പ്രമുഖ താരങ്ങളും സിനിമാ പ്രവർത്തകരും ഈ നീക്കത്തെ സംസ്ഥാനത്തെ ചലച്ചിത്ര വ്യവസായത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന സുപ്രധാന തീരുമാനമായിട്ടാണ് ഏറ്റെടുത്തിരിക്കുന്നത്.

ENGLISH SUMMARY:

Malayala Manorama Online News reports that the Kerala government's landmark decision to grant industry status to the cinema sector will revolutionize Malayalam filmmaking by introducing a single-window clearance system. Minister P.C. Vishnunath highlighted how this move will grant producers access to low-interest bank loans and pave the way for a 100-crore international film city in Kochi.