സംവിധായകന്‍ അനുരാജ് മോഹന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കിനെതിരെ വിമര്‍ശനവുമായി ജെഎസ്കെ സംവിധായകന്‍ പ്രവീണ്‍ നാരായണനും. 8 സൂപ്പർ ഹിറ്റുകളും 7 ഹിറ്റുകളും അടക്കം 15 സിനിമകളാണ് ബോക്സോഫീസിൽ തിളങ്ങിയതെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറഞ്ഞത്. നിർമ്മാതാക്കൾക്ക് നഷ്ടമായത് 360 കോടിയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്ത് വിട്ട കണക്കിൽ പറയുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഈ കണക്കുകൾ പുറത്തു വിടുന്നതിന്‍റെ മാനദണ്ഡം കൂടി വ്യക്തമാക്കണമെന്ന് പ്രവീണ്‍ പറഞ്ഞു. ഈ വർഷമാദ്യം കുറച്ചു മാസങ്ങൾ കണക്കുകൾ പുറത്തു വിട്ടശേഷം പെട്ടന്നൊരു സുപ്രഭാതത്തിൽ അത് നിർത്തി, പിന്നീട് വർഷാവാസാന കണക്കുമായി ഇപ്പോൾ വീണ്ടും വന്നിരിക്കുകയാണെന്നും പ്രവീണ്‍ പറയുന്നു.
സിനിമ എന്നത് ഒരു ബിസിനസ് ആയതുകൊണ്ടും തീയേറ്ററിന് പുറത്ത് സാമ്പത്തിക സാധ്യതകൾ ഉള്ളതു കൊണ്ടും ഇത്രയും സിനിമകൾ മാത്രം വിജയിച്ചു എന്ന രീതിയിൽ ഒരു കണക്ക് വരുമ്പോൾ അത് പലരെയും തെറ്റിദ്ധരിപ്പിക്കും എന്നതിൽ സംശയമില്ല, പ്രത്യേകിച്ചും പുതിയതായി ഈ രംഗത്ത് നിക്ഷേപിക്കാന്‍ ആഗ്രഹിച്ച് വരുന്നവരെ. ഇതിനോടകം പല പ്രൊഡ്യൂസർസും അംഗീകരിച്ച ട്രാക്കേഴ്സ് പുറത്തുവിട്ട ഈ വർഷത്തെ കണക്കുകൾ നോക്കിയാൽ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന നരിവേട്ട, സുമതി വളവ് എന്നീ ചിത്രങ്ങൾ മാത്രമാണ് അസോസിയേഷൻ ലിസ്റ്റിൽ ഇല്ലാതെ പോയതെന്ന് കാണാമെന്ന് പ്രവീണ്‍ പറയുന്നു.
സിനിമയുടെ ബജറ്റ് മെൻഷൻ ചെയ്യാതെ വരുന്ന ഈ ലിസ്റ്റിൽ സൂപ്പർ ഹിറ്റുകളും ഹിറ്റുകളും ലിസ്റ്റ് ചെയ്തിരിക്കുന്നതിലും സംശയം തോന്നാം. ഒരുദാഹരണം പറഞ്ഞാൽ എമ്പുരാൻ എന്ന സിനിമ സൂപ്പർ ഹിറ്റും എക്കോ വെറും ഹിറ്റുമാണ്. ഈ രണ്ട് സിനിമകളുടെയും ബജറ്റ്, കളക്ഷൻ തുടങ്ങിയ കാര്യങ്ങൾ ട്രാക്കിങ് പേജുകൾ പ്രചരിപ്പിച്ചത് സത്യമാണെങ്കിൽ എമ്പുരാനെക്കാൾ എത്രയോ വലിയ ലാഭമാണ് എക്കോ, എന്നിട്ടും അത് വെറും ഹിറ്റ് മാത്രമാണ്. സിനിമയുടെ ബജറ്റ് മെൻഷൻ ചെയ്യാതെയും, തീയേറ്ററിന് പുറത്ത് അതിന് ഉണ്ടാകാൻ സാധ്യതയുള്ള ബിസിനസ്സ്, പ്രോഫിറ്റ് സാധ്യതകൾ പരിഗണിക്കാതെയുമുള്ള ഈ ലിസ്റ്റ് സിനിമയിൽ നിന്ന് കുറെ പേരെയെങ്കിലും അകറ്റും എന്ന വാദം പൂർണമായും ശരിയാണെന്ന് പ്രവീണ്‍ വിമര്‍ശിച്ചു.
പുറത്തു വിടുമ്പോൾ എല്ലാം ഉൾക്കൊള്ളിച്ച സമഗ്രമായ ലിസ്റ്റ് പുറത്തു വിടണം, അല്ലാതെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറയുന്നത് പോലെ അറ്റവും വാലുമില്ലാത്ത കാര്യങ്ങൾ പറയുകയല്ല വേണ്ടത്. അനുരാജ് പറഞ്ഞത് പോലെ ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈ പിടിച്ചു കയറ്റിയതല്ല, നടന്നു തേഞ്ഞ ചെരുപ്പുകളും, വിയർത്തൊട്ടിയ കുപ്പായങ്ങളും മാത്രമാണ് സാക്ഷി. അധ്വാനം കണ്ടില്ലെന്നു നടിച്ചോളൂ പക്ഷെ ചവിട്ടി മെതിക്കരുതെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പ്രവീണ്‍ പറഞ്ഞു.
സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവർ ഇതിന്‍റെ കടയ്ക്കൽ കത്തി വെക്കുകയാണെന്നാണ് അനുരാജ് കഴിഞ്ഞ ദിവസം പറഞ്ഞത്. കാലങ്ങളായി സിനിമ കൈക്കുമ്പിളിൽ ഭരിച്ച് നിർത്താമെന്നാണ് ഉദ്ദേശമെങ്കിൽ ഉണ്ടാകാൻ പോകുന്നത് വലിയ കോർപറേറ്റ് കമ്പനികൾക്ക് സിനിമ തീറെഴുതിക്കൊടുക്കുകയാണെന്നും അനുരാജ് പറഞ്ഞു. വൈക്കോൽ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ “തിന്നുകയുമില്ല തീറ്റിക്കുകയുമില്ല” എന്നും അനുരാജ് വിമര്‍ശനം കടുപ്പിച്ചു.