സംസ്ഥനത്തിന് രണ്ട് പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി പ്രഖ്യാപിച്ച് കേരള ബജറ്റ്. തിരുവനന്തപുരത്തിന് രണ്ടാം മെഡിക്കല്‍ കോളജ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി ബജറ്റില്‍. ഹരിപ്പാടും പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. ഇതിന് പുറമെ കാസര്‍കോട്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാര്‍, ഉപകരണങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി 100 കോടി വകയിരുത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണ പദവിയും എയിംസ് നിലവാരത്തിലുള്ള സേവനങ്ങളും അക്കാദമിക മികവും കൈവരിക്കാന്‍ ആവശ്യമായ പിന്തുണയും സര്‍ക്കാര്‍ നല്‍കും.
ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് പ്രഖ്യാപിച്ച ബജറ്റ്, ഉയര്‍ന്ന് നില്‍ക്കുന്ന ആരോഗ്യ ചികിത്സാ ചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്നും പറയുന്നു. വൈദ്യശുശ്രൂഷയ്ക്കും പൊതുജനാരോഗ്യ മേഖലയ്ക്കുമുള്ള പദ്ധതി വിഹിതമായി 2076.02 കോടി രൂപയും വകയിരുത്തി. സംസ്ഥാനത്തെ ആരോഗ്യ ടൂറിസത്തിന്‍റെ ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ 'റീച്ച് കേരള' പദ്ധതി ആവിഷ്കരിക്കും. ഇതിന്‍റെ ഭാഗമായി ആരോഗ്യം-ആയുഷ്-ടൂറിസം മറ്റ് അനുബന്ധ വകുപ്പുകള്‍ എന്നിവ തമ്മിലുള്ള പ്രവര്‍ത്തന ങ്ങള്‍ ഏകോപിപ്പിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ സഹായത്തോടെ 'സ്കൂള്‍ ഹെല്‍ത്ത് ബ്രിഗേഡി'നും സര്‍ക്കാര്‍ തുടക്കം കുറിക്കും. ആരോഗ്യപരവും ശുചിത്വപരവുമായ ജീവിതശൈലികളെക്കുറിച്ചും പരിശീലനവും പ്രായോഗിക അറിവും നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അത്യാഹിത-ട്രോമ ചികില്‍സ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാക്കുന്നതിനായി ആരോഗ്യസ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കിക്കൊണ്ടും ഡിജിറ്റലൈസ്ഡ് സംവിധാനം ലഭ്യമാക്കിക്കൊണ്ടും 'ഗോള്‍ഡന്‍ അവര്‍' പ്രോജക്ട് നടപ്പിലാക്കും.
പകര്‍ച്ച വ്യാധികളെ ഫലപ്രദമായി തടയുന്നതിനും നേരിടുന്നതിനുമായി ആരോഗ്യവകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ഇതിനായി സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും ബജറ്റില്‍ പറയുന്നു. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശിക ഘട്ടം ഘട്ടമായി തീര്‍ത്ത് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പുവരുത്തും. ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി 'ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകള്‍, തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലന ത്തിനായി പ്രത്യേക 'കോസ്റ്റല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകള്‍' എന്നിവ സ്ഥാപിച്ച് ചികില്‍സ ഉറപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു.
കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും. ഇതിനായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കും. രോഗ നിര്‍ണയ ടെസ്റ്റുകള്‍ക്കായി ലാബ് സൗകര്യങ്ങള്‍ കുറവുള്ള ഗ്രാമീണ മേഖലകളില്‍ മൊബൈല്‍ ടെസ്റ്റിങ് ലാബ് സൌകര്യം ഏര്‍പ്പെടുത്തും. ആദ്യഘട്ടമായി 2 കോടി രൂപ വീതം ചെലവില്‍ 10 ലാബുകള്‍ സജ്ജീകരിക്കും. ഇതിനായി 20 കോടി രൂപയും വകയിരുത്തി. ഇതു കൂടാതെ എസ്എംഎ അടക്കമുള്ള അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.