യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ഒരു മാസം പിന്നിട്ടിട്ടും പൊലീസിലെ പ്രധാന സ്ഥലംമാറ്റങ്ങൾ പൂർത്തിയാകാത്തത് സേനയ്ക്കുള്ളിലും ഭരണതലത്തിലും ചർച്ചയാകുന്നു. ഡി.വൈ.എസ്.പി, ഇൻസ്പെക്ടർ റാങ്കുകളിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമാണ് അനിശ്ചിതമായി നീളുന്നത്. വിവിധ സ്റ്റേഷനുകളിലും പ്രധാന തസ്തികകളിലും നിയമനം ഉറപ്പാക്കാൻ രാഷ്ട്രീയ, സാമുദായിക തലങ്ങളിലുള്ള സമ്മർദങ്ങളും ശുപാർശകളും ശക്തമായതോടെയാണ് നടപടികൾ വൈകുന്നതെന്നാണ് സൂചന.
സാധാരണയായി പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ പൊലീസിൽ വ്യാപക അഴിച്ചുപണി നടത്തുന്നതാണ് പതിവ്. എന്നാൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് ശേഷം ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മാത്രമാണ് നടന്നത്. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനവുമായി നേരിട്ട് ബന്ധപ്പെട്ട ഡി.വൈ.എസ്.പി, ഇൻസ്പെക്ടർ തലങ്ങളിലെ സ്ഥലംമാറ്റങ്ങൾ ഇതുവരെ അന്തിമരൂപം നേടിയിട്ടില്ല.
പ്രധാന സ്റ്റേഷനുകളിലേയ്ക്കുള്ള നിയമനത്തിനായി ഒരേ തസ്തികയ്ക്ക് നാലും അഞ്ചും ഉദ്യോഗസ്ഥർ വരെ അവകാശവാദം ഉന്നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാഷ്ട്രീയ ബന്ധങ്ങൾ, പ്രമുഖ വ്യക്തികളുടെ ശുപാർശകൾ, സാമുദായിക സംഘടനകളുടെ ഇടപെടലുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഇഷ്ടപ്പെട്ട നിയമനങ്ങൾ നേടാനുള്ള ശ്രമങ്ങൾ ശക്തമായതോടെ ആഭ്യന്തരവകുപ്പിന് അന്തിമ പട്ടിക തയ്യാറാക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായാണ് വിവരം.
സ്ഥലംമാറ്റ പട്ടിക ഉടൻ പുറത്തിറങ്ങുമെന്ന സൂചനകൾ ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനം കൈക്കൊള്ളാനായിട്ടില്ല. ഇതോടെ പൊലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും അവസ്ഥ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം അഞ്ച് മാസം മുൻപാണ് നിരവധി ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിലേയ്ക്ക് മാറ്റിയിരുന്നത്. സ്കൂളുകൾ തുറന്നിട്ടും സ്വന്തം ജില്ലകളിലേയ്ക്ക് തിരിച്ചെത്താൻ കഴിയാത്തതിലുള്ള അസ്വസ്ഥത സേനയ്ക്കുള്ളിൽ ശക്തമാണ്. പ്രാദേശിക സാഹചര്യം പൂർണമായി പരിചയമില്ലാത്ത ഉദ്യോഗസ്ഥർ വിവിധ സ്റ്റേഷനുകളിൽ തുടരുന്നത് പ്രവർത്തനക്ഷമതയെ ബാധിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
സ്ഥലംമാറ്റത്തിനായി കാത്തിരിക്കുന്നതിനാൽ ചെറിയ പരാതികളിൽ പോലും കേസെടുക്കുന്നതിൽ ചില ഉദ്യോഗസ്ഥർ മടികാണിക്കുന്നുവെന്ന ആക്ഷേപവും നിലനിൽക്കുന്നു. ഇത് സ്റ്റേഷൻ തലത്തിലുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, സംസ്ഥാനത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ സ്പെഷ്യൽ ബ്രാഞ്ചിൽ ഇപ്പോഴും മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമിതരായ ഉദ്യോഗസ്ഥർ തുടരുന്നതും ചർച്ചയായിട്ടുണ്ട്. സി.പി.എം അനുകൂല നിലപാടുള്ളവരെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ മാറ്റിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പൊലീസിലെ യു.ഡി.എഫ് അനുകൂല സംഘടനകൾ അതൃപ്തി അറിയിച്ചിട്ടുണ്ട്. എന്നാൽ, പൊലീസ് സേനയിലെ എല്ലാ സ്ഥലംമാറ്റങ്ങളും ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.