ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാകുന്നതിന് മുന്‍പ് വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) ടി.എം. ഹാരിസ് ഹുസൈനെ സ്ഥാനത്തുനിന്ന് മാറ്റിയതിൽ വഖഫ് ബോർഡിനുള്ളിൽ കടുത്ത അതൃപ്തി. മുനമ്പത്തെ വിവാദ ഭൂമി കേന്ദ്ര വഖഫ് പോർട്ടലായ ‘ഉമീദ്’യിൽ രജിസ്റ്റർ ചെയ്തതാണ് സർക്കാർ നടപടിക്ക് പിന്നിലെ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.

ഇന്ന് കൊച്ചിയിൽ ചേരുന്ന വഖഫ് ബോർഡ് യോഗത്തിൽ മുനമ്പം ഭൂമിയുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യും. നിയമവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന ടി.എം. ഹാരിസ് ഹുസൈനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒരു വർഷത്തേയ്ക്ക് വഖഫ് ബോർഡ് സി.ഇ.ഒയായി നിയമിച്ചത്. എന്നാൽ കാലാവധി പൂർത്തിയാകുന്നതിന് മുന്‍പ് മുന്നറിയിപ്പൊന്നുമില്ലാതെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷൻ സംസ്ഥാന സർക്കാർ അവസാനിപ്പിക്കുകയായിരുന്നു.

വഖഫ് ബോർഡ് യോഗത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ നിയമപരമാണെന്ന് ഉറപ്പുവരുത്തുകയും അവ നടപ്പാക്കുകയും ചെയ്യുന്നതാണ് സി.ഇ.ഒയുടെ പ്രധാന ചുമതല. അതോടൊപ്പം സർക്കാരിന്റെ നയങ്ങളും നിലപാടുകളും ബോർഡിനെ അറിയിക്കുകയും നടപ്പിലാക്കുകയും വേണം.

മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ വിവിധ കോടതികളുടെ പരിഗണനയിലിരിക്കെയാണ് ഭൂമി കേന്ദ്ര വഖഫ് പോർട്ടലായ ‘ഉമീദ്’യിൽ രജിസ്റ്റർ ചെയ്തത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാരിന്റെ നിലപാടിന് അനുസൃതമായി പ്രവർത്തിക്കേണ്ട സി.ഇ.ഒ അതിന് വിരുദ്ധമായ നടപടിയാണ് സ്വീകരിച്ചതെന്ന വിലയിരുത്തലാണ് സർക്കാർ വൃത്തങ്ങളിൽ ഉയരുന്നത്.

ഇതിനിടെ എൽ.ഡി.എഫ് സർക്കാർ നിയമിച്ച കെ.എസ് ഹംസ ഇപ്പോഴും വഖഫ് ബോർഡ് ചെയർമാനായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗുമായി ബന്ധമുള്ള ഉദ്യോഗസ്ഥയെ പുതിയ സി.ഇ.ഒയായി നിയമിച്ചതും ശ്രദ്ധേയമാകുന്നത്.

അതേസമയം, അടിസ്ഥാന രേഖകളിൽ ഭൂമി വഖഫ് സ്വത്തായി രേഖപ്പെടുത്തിയിട്ടുള്ളതിനാലാണ് മുനമ്പം ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്തതെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ വ്യക്തമാക്കി. ഇക്കാര്യം വിശദീകരിച്ച് കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.