കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ മുൻ എൽഡിഎഫ് സർക്കാർ. എൻഡോസൾഫാൻ ദുരിതബാധിതർക്കായി പ്രഖ്യാപിച്ച ധനസഹായവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ആയിരത്തിലധികം പേർ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് പരാതി. 2017-ൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ദുരിതബാധിതരായി കണ്ടെത്തപ്പെട്ടവരിൽ നൂറുകണക്കിന് പേർക്ക് ഒൻപത് വർഷമായിട്ടും അർഹമായ ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. ഇതിനുപുറമെ, ദുരിതബാധിതരുടെ പെൻഷൻ വിതരണം തടസപ്പെട്ടതായും സൗജന്യ ചികിത്സാ സൗകര്യങ്ങൾ നിലച്ചതായും കുടുംബങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ജില്ലയിലെ 11 പഞ്ചായത്തുകളെയാണ് സംസ്ഥാന സർക്കാർ എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. 2010 മുതൽ വിവിധ ഘട്ടങ്ങളിലായി നാല് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ദുരിതബാധിതരെ കണ്ടെത്തിയിരുന്നു. ഇതിൽ 2017-ൽ നടന്ന അവസാന മെഡിക്കൽ ക്യാമ്പിൽ മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന നടത്തിയത്.

ആദ്യഘട്ട മെഡിക്കൽ പരിശോധനയിലും ഫീൽഡ് പരിശോധനയിലും 1,905 പേരെ എൻഡോസൾഫാൻ ദുരിതവുമായി ബന്ധപ്പെടുത്താനാകുമെന്ന് കണ്ടെത്തി. ഇതിൽ 874 പേരെ നേരിട്ട് അർഹരായി അംഗീകരിക്കുകയും ചെയ്തു. ശേഷിക്കുന്ന 1,031 പേരെ കാസർഗോഡ് പാക്കേജിൽ ഉൾപ്പെടുത്തി ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ സമരസമിതിയുടെ നേതൃത്വത്തിൽ വിവിധ സമരങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു.

2024 ജൂലൈ 10-ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ 1,031 പേരെയും കാസർഗോഡ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർക്ക് ധനസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു. തുടർന്ന് ഇടത് സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം 977 പേർക്ക് 48.85 കോടി രൂപ ധനസഹായമായി അനുവദിക്കാനുള്ള ഉത്തരവും പുറത്തിറങ്ങി.

എന്നാൽ, ഉത്തരവ് പുറത്തിറങ്ങിയെങ്കിലും ധനസഹായ വിതരണം ഇതുവരെ നടപ്പിലായിട്ടില്ലെന്നാണ് പരാതി. ധനസഹായത്തിന് അർഹരായ 977 പേർ ആരൊക്കെയാണെന്ന കാര്യത്തിൽ സംസ്ഥാന സർക്കാറിനും ജില്ലാ ഭരണകൂടത്തിനും വ്യക്തമായ പട്ടികയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഇതിനിടെ, ദുരിതബാധിതർക്കുള്ള പെൻഷൻ വിതരണം മൂന്ന് മാസമായി മുടങ്ങിയിരിക്കുകയാണെന്നും കുടുംബങ്ങൾ ആരോപിക്കുന്നു. കൂടാതെ, എൻഡോസൾഫാൻ രോഗികൾക്ക് സൗജന്യ ചികിത്സ നൽകിയിരുന്ന മംഗളൂരുവിലെ ആശുപത്രികൾ ചികിത്സ നിർത്തിവെച്ചിട്ടും മാസങ്ങൾ പിന്നിട്ടു.

സൗജന്യ ചികിത്സയ്ക്കായി കേരള സർക്കാർ നൽകേണ്ട തുക കുടിശ്ശികയായതിനെ തുടർന്നാണ് സേവനം അവസാനിപ്പിച്ചതെന്നാണ് ആശുപത്രികളുടെ വിശദീകരണം. ചികിത്സയും സാമ്പത്തിക സഹായവും ലഭിക്കാതെ ദുരിതബാധിതരും കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാണെന്നാണ് പരാതികൾ.

ENGLISH SUMMARY:

Endosulfan victims in Kasaragod are facing significant delays in receiving promised financial aid and other benefits. Thousands are still waiting for compensation and medical support, highlighting ongoing issues with the implementation of relief packages.