ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് യുവതിയും യുവാവും അറസ്റ്റില്‍. കാഞ്ഞങ്ങാട് ഐങ്ങോത്ത് കരുവളത്തെ മുഹമ്മദ് റാഫി (31), ബേള കടമ്പളയിലെ ഷെരീഫ (35) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് നഗരത്തിലെ ലോഡ്ജിൽ എംഡിഎംഎ ഉപയോഗിക്കാനായി ഇരുവരും മുറിയെടുക്കുകയായിരുന്നു.
ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തിയത്. മുറിയിൽ കയറിയ പൊലീസ് അലമാരയിലും മേശവലിപ്പിലും ബാഗിലും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഷെരീഫയുടെ പാന്റ്സിന്റെ പോക്കറ്റിൽനിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടതോടെ റാഫി തന്റെ പോക്കറ്റിലേക്ക് എംഡിഎംഎ ഇടുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി.
മാങ്ങാട് സ്വദേശിയായ യുവാവിൽനിന്ന് 3,000 രൂപ നൽകിയാണ് എംഡിഎംഎ വാങ്ങിയതെന്നാണ് റാഫിയുടെ മൊഴി. 0.59 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചത്.