ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് സമീപം പ്രതിഷേധിച്ചവരെ അടിച്ചൊതുക്കാൻ ഗൺമാനും സുരക്ഷാ ഉദ്യോഗസ്‌ഥർക്കും നിർദേശം കിട്ടിയെന്ന സൂചന എസ്ഐടിയ്ക്ക് ലഭിച്ചു. എ.ഡി.തോമസ് എം.എൽ.എയെയും അജയ് ജ്യുവൽ കുര്യാക്കോസിനെയും തല്ലിച്ചതയ്ക്കാൻ നിർദേശം നൽകിയത് ആരെന്ന് കണ്ടെത്താൻ എസ്ഐടി ശ്രമം തുടങ്ങി. ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഒന്നിച്ചിരുത്തിയും ഒറ്റയ്ക്കും ചോദ്യം ചെയ്തപ്പോൾ ആണ് ഈ സൂചന കിട്ടിയത്. ഗൺമാൻ്റെയും സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ഫോൺ കോൾ വിശദാംശങ്ങൾ എസ്ഐടി ശേഖരിക്കും. വിശദമായ തെളിവുകൾ ശേഖരിച്ച ശേഷം പ്രതികളെ വീണ്ടും വിളിച്ചു വരുത്തും. അറസ്റ്റ് ഉൾപ്പെടെ നടപടികൾ വീണ്ടും വിളിച്ചു വരുത്തുമ്പോൾ ഉണ്ടാകും.
എഡിജിപി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കേസ് അട്ടിമറി ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും തെളിവ് ശേഖരിക്കുന്നതിന് എസ്ഐടി തിരുവനന്തപുരത്ത് അന്വേഷണം നടത്തും. എഡിജിപി ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ, അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരുടെ മൊഴികൾ എന്നിവയും ശേഖരിക്കും. കേസ് ഡയറി തിരുത്താൻ കൂട്ടുനിന്ന എഡിജിപി ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർക്കെതിരെ വകുപ്പു തല നടപടി ശുപാർശ ചെയ്യും. കോഴിക്കോട് കമ്മീഷണറായതിനെ തുടർന്ന് ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പി സ്ഥാനം എ.പി.ഷൗക്കത്ത്അലി ഇന്ന് ഒഴിയുമെങ്കിലും എസ്ഐടി മേൽനോട്ട ചുമതല തുടരും.