കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് അനുവദിച്ച സൗജന്യ യാത്ര ഹിറ്റാണ്. യാത്ര സൗജന്യമാണെന്ന് കരുതി ബസില്‍ കയറി യാത്ര തുടങ്ങാമെന്ന് വച്ചാല്‍ തെറ്റി. ടിക്കറ്റെടുത്തില്ലെങ്കില്‍ പണി പാളും. 500 രൂപ പിഴ നല്‍കേണ്ടി വരും.
സൗജന്യ യാത്രയാണെങ്കിലും സ്ത്രീ യാത്രക്കാര്‍ക്ക് ബസില്‍ കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്നുണ്ട്. സീറോ ടിക്കറ്റ് ആണെങ്കിലും എത്ര രൂപയാണെന്ന് ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിനാല്‍ കയ്യില്‍ ടിക്കറ്റില്ലെങ്കില്‍ ടിക്കറ്റ് ചെക്കര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ പിഴ നല്‍കേണ്ടി വരും. 500 രൂപയാണ് ടിക്കറ്റില്ലാത്ത യാത്രയ്ക്ക് ഈടാക്കുന്ന പിഴ. സ്ത്രീകള്‍ക്ക് ഒപ്പം ആണ്‍കുട്ടിയാണെങ്കില്‍ ടിക്കറ്റെടുക്കണം. 5നും 11നും ഇടയില്‍ പകുതി ടിക്കറ്റും പ്രായം 12 ആയെങ്കില്‍ ഫുള്‍ ടിക്കറ്റും എടുക്കണം.
ഓര്‍ഡിനറി ബസുകളിലാണ് സൗജന്യം ലഭിക്കുന്നത്. ഓര്‍ഡിനറി ബസുകളില്‍ തന്നെ ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര ലഭിക്കും. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഗ്രാമവണ്ടി എന്നിവയിലാണ് ആനുകൂല്യം. സൗജന്യം ലഭിക്കുന്ന ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതിയുടെ സ്റ്റിക്കര്‍ പതിക്കും.
സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമാണ് സൗജന്യയാത്ര. ഒരു തിരിച്ചറിയല്‍ കാര്‍ഡും ഇതിനായി നല്‍കേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ഇനി കണ്‍സഷന്‍ കാര്‍ഡും വേണ്ട. സൗജന്യം തന്നെ. പദ്ധതിക്ക് ദൂരപരിധി ഇല്ല. ഓര്‍ഡിനറിയില്‍ യഥേഷ്ടം യാത്ര.