വി.ഡി സതീശന്‍റെ ആദ്യ ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കും. ഇതുള്‍പ്പെടേ, ഇന്ദിര ഗ്യാരണ്ടികളിലെ നടപ്പാക്കാന്‍ ബാക്കിയുള്ള 4 ഉറപ്പുകളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാകും.  ഇന്ധന വില വര്‍ധനയില്‍ ജനത്തിന് ആശ്വാസമായി ഇന്ധന സെസ് ഒഴിവാക്കുന്നതുള്‍പ്പെടേയുള്ള  പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാം. ജൂണ്‍ 19നാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍റെ ആദ്യ ബജറ്റ്. 

ബജറ്റവതരിപ്പിക്കുന്ന മുഖ്യമന്ത്രി. കേരളം അപൂര്‍വ്വമായി കാണുന്ന കാഴ്ചയാണ്. ആര്‍ ശങ്കറിനും, സി അച്ചുത മേനോനും, ഉമ്മന്‍ ചാണ്ടിക്കും ശേഷം ബജറ്റവതിരിപ്പിക്കുന്ന മുഖ്യമന്ത്രിയായി വി.ഡി സതീശനും മാറുകയാണ്. മുഖ്യമന്ത്രി തന്നെ ധനവകുപ്പും കൈകാര്യം ചെയ്യുന്നതിനാല്‍ വി.ഡി സതീശന്‍ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ പ്രതീക്ഷകള്‍ ഏറെയാണ്. 

കന്നി ബജറ്റ് ജനപ്രിയവും അതേസമയം യാഥാര്‍ത്ഥ്യ ബോധമുള്ളതുമായിരിക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.  തെരഞ്ഞെടുപ്പില്‍ നല്‍കിയ 6 ഇന്ദിര ഗ്യാരണ്ടികള്‍. കെ.എസ്.ആര്‍.ടി.സി ബസിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ഉള്‍പ്പെടേ രണ്ടെണ്ണം ബജറ്റിന് മുന്നെ നടപ്പിലാവുകയാണ്. ബാക്കി ഗ്യാരണ്ടികളായിരിക്കും  ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങളില്‍ മുഖ്യം. 

 

ക്ഷേമ പെന്‍ഷന്‍ മൂവായിരമാക്കും എന്നതാണ് ഒരു ഗ്യാരണ്ടി. ഒറ്റയടിക്ക് മൂവായിരമായി വര്‍ധിപ്പിക്കുന്ന പ്രഖ്യാപനത്തിന് ബജറ്റില്‍ സാധ്യതയില്ല. ഘട്ടം ഘട്ടമായി രണ്ടോ മൂന്നോ വര്‍ഷത്തിനകം ക്ഷേമപെന്‍ഷന്‍ മൂവായിരമാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിന്‍റെ തുടക്കം ബജറ്റിലുണ്ടാകും.

കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതിയാണ് രണ്ടാമത്തേത്. നിലവിലുള്ള കാരുണ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടേയുള്ള നിലവിലുള്ള പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് സാധ്യത. അതിനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടാകും. കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ആയിരം രൂപ പ്രതിമാസ ധനസാഹയം, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ യുവ ജനങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ എന്നിവ നടപ്പാക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. കുതിച്ചുയരുന്ന ഇന്ധനവിലയുടെ ആഘാതം കുറക്കാന്‍ നികുതിയിളവോ, ഇന്ധന സെസ് ഒഴിവാക്കുന്നതോട സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിലും ബജറ്റില്‍ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. റബ്ബറിന്‍റെയും നെല്ലിന്‍റെയും താങ്ങുവില വര്‍ധിപ്പിക്കലുള്‍പ്പെടേയുള്ള കര്‍ഷക ക്ഷേമ പ്രഖ്യാനങ്ങളും പ്രതീക്ഷിക്കാം. 

ENGLISH SUMMARY:

Kerala Budget 2024 is expected to bring significant announcements regarding welfare pensions, with the government aiming to increase them to ₹3000 gradually. The budget will also likely detail the implementation of remaining Indira Gandhi Guarantees, including a comprehensive health insurance scheme and financial aid for students.