TAGS

ബവ്കോ ചില്ലറ വിൽപ്പന കേന്ദ്രങ്ങളുടെ സൗകര്യം ഉയർത്താനുള്ള നടപടി തുടങ്ങി സർക്കാർ. മന്ത്രിയുടെ നിർദേശപ്രകാരം വിവിധ ഷോപ്പുകളിൽ നേരിട്ടെത്തി എക്സൈസ് കമ്മിഷണർ ആര്‍.സാംബശിവ റാവു ഷോപ്പുകളുടെ പ്രവർത്തനവും നിലവാരവും പരിശോധിച്ച് തുടങ്ങി. ജീവനക്കാരിൽ നിന്നുൾപ്പെടെ വിവരശേഖരണം നടത്തിയതിനു ശേഷം വിശദമായ രൂപരേഖയുടെ അടിസ്ഥാനത്തിൽ ഷോപ്പുകളുടെ നവീകരണത്തിലേക്കെത്തും. 

യാതൊരു പരാതിയുമില്ലാതെ ആവശ്യക്കാർ കാത്തുനിൽക്കുന്ന ഇടം. സമയം എത്ര വൈകിയാലും. അടിസ്ഥാന സൗകര്യങ്ങൾ  ഒന്നുമില്ലെങ്കിലും. മദ്യത്തിന് തോന്നുംപടി വില കൂട്ടുന്ന മദ്യ കമ്പനികൾ. മദ്യം വാങ്ങാനെത്തുന്നവരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്ന പരാതി. ഞങ്ങൾക്ക് വേണ്ടി വാദിക്കാൻ ആരുമില്ലെന്ന നിലപാടും. മദ്യനയം പുതുക്കാൻ ശ്രമം തുടങ്ങിയ എക്സൈസ് വകുപ്പ് ആദ്യഘട്ടമായി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. 

പ്രീമിയവും സാധാ കൗണ്ടറുകളും ഉൾപ്പെടെ സംസ്ഥാനത്ത് 285 ഔട്ട്ലെറ്റുകളാണ് ബവ്കോയുടെ കീഴില്‍ പ്രവർത്തിക്കുന്നത്. ഒരു ഔട്ട്ലെറ്റ് പോലും സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും വർഷങ്ങളായി പരിമിതമായ സൗകര്യത്തിലാണുള്ളത്. ഇതിന് പരിഹാരം കാണുന്നതിനാണ് എക്സൈസ് മന്ത്രിയുടെ ശ്രമം. എക്സൈസ് കമ്മീഷണർ നേരിട്ട് വിവിധ ഷോപ്പുകളിലെത്തി പരിശോധിച്ചു. 

മദ്യം വാങ്ങാനെത്തുന്നവരുടെ സൗകര്യം, ജീവനക്കാരുടെ ക്രമീകരണം, ഉപഭോക്താക്കളോടുള്ള ഇടപെടൽ, അടിസ്ഥാന സൗകര്യങ്ങൾ, തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടില്‍ മൂന്ന് മാസത്തിനുള്ളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരും. തിരക്കേറിയ ഇടങ്ങളിലെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങൾ പലതും മാറ്റി സ്ഥാപിക്കുന്നതിനും നടപടിയുണ്ടാവും. 

ENGLISH SUMMARY:

Bevco outlet improvement initiatives are underway in Kerala to enhance the customer experience at liquor retail centers. The Excise Commissioner is personally inspecting various shops to assess their operations, infrastructure, and customer service, aiming for a comprehensive upgrade within three months.