കുപ്പിയില്‍ കുടുങ്ങാതിരിക്കാന്‍ കരുതലോടെ പുതിയ നിര്‍ദേശങ്ങളുമായി ബവ്കോ എംഡി. പ്ലാസ്റ്റിക് ബോട്ടിലുകളിലെ മദ്യത്തിന് ഇരുപത് രൂപ അധികം വാങ്ങി കുപ്പി തിരികെ നല്‍കുമ്പോള്‍ പണം മടക്കി നല്‍കിയിരുന്ന പദ്ധതിക്ക് ബദല്‍ നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാന വ്യാപകമാക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും നിയമപ്രശ്നങ്ങളുള്ളതിനാല്‍ തദ്ദേശവകുപ്പുമായി ചേര്‍ന്ന് പുതിയ സംവിധാനങ്ങളൊരുക്കണമെന്നാണ് ആവശ്യം.
പ്ലാസ്റ്റിക് സംസ്കരണം പ്രകൃതി സംരക്ഷണത്തിന് അനിവാര്യമാണ്. പക്ഷേ പണിയാവുമെന്ന് ഉറപ്പുള്ള പരിഷ്കരണത്തിന് ബദല്‍ വേണമെന്നാണ് ബവ്കോയുടെ നിലപാട്. പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇരുപത് രൂപ മുന്‍കൂറായി വാങ്ങി കുപ്പി തിരികെ നല്‍കുമ്പോള്‍ പണം മടക്കിക്കൊടുത്തിരുന്ന ഇരുപത് കടകളിലെ പരീക്ഷണം ഒരുമാസം മുന്‍പാണ് ബവ്കോ പിന്‍വലിച്ചത്. ഓണത്തിരക്ക് കണക്കിലെടുത്താണ് തീരുമാനമെന്നും പദ്ധതി പുനഃസ്ഥാപിക്കുമെന്നും എക്സൈസ് മന്ത്രി അറിയിച്ചിരുന്നു.
കുപ്പി സംഭരിക്കേണ്ടേ. സംഭരിക്കണം. എങ്ങനെ വേണം. സ്വന്തംനിലയില്‍ വേണം. മദ്യ ഉപഭോക്കാക്കളില്‍ നിന്നും പണം ഈടാക്കിക്കൊണ്ടാവരുതെന്ന് മാത്രം. ഇരുപത് രൂപ വാങ്ങിയാല്‍ നിയമപ്രശ്നങ്ങളുണ്ടെന്ന് മന്ത്രിയോട് വ്യക്തമാക്കിയ ബവ്കോ എം.ഡി ബദല്‍ പദ്ധതിയുടെ രൂപരേഖ ഈയാഴ്ച കൈമാറും. മദ്യ ഉപഭോക്താക്കളില്‍ നിന്നുള്ള അധിക തുക കൊണ്ടാവരുത് പ്ലാസ്റ്റിക് സംസ്കരണം. പ്രത്യേകിച്ചും ഇരുന്നൂറ്റി അന്‍പത് ശതമാനം വരെ മദ്യത്തിന് നികുതി ഈടാക്കുന്ന സംസ്ഥാനത്ത്. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, പ്രധാന പാര്‍ക്കുകള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ ബവ്കോ സ്വന്തം നിലയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ കലക്ഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കണം. തദ്ദേശവകുപ്പുമായി ചര്‍ച്ച ചെയ്ത് കൃത്യമായ ഇടവേളയില്‍ ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ബോട്ടിലുകള്‍ സംഭരിച്ച് ശുചിത്വമിഷന്‍ വഴി ഏജന്‍സികള്‍ക്ക് കൈമാറി സംസ്കരിക്കണം. ബവ്കോയുടെ തനത് ഫണ്ടില്‍ നിന്നും സിഎസ്ആര്‍ രീതിയില്‍ ചെറിയ തുക ഇതിനായി വിനിയോഗിക്കാം.